ambala
വാവർ പ്രതിനിധിയായ എരുമേലി താഴത്തുവീട്ടിൽ കുടുംബത്തിന്റെ വകയായി അമ്പലപ്പുഴ ക്ഷേത്രത്തിൽ നടത്തിയ അന്നദാനം യു. പ്രതിഭ എം.എൽ എ . നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : എരുമേലി പേട്ടതുള്ളലിൽ അമ്പലപ്പുഴ സംഘത്തോടൊപ്പം വാവർ പ്രതിനിധിയായി പങ്കെടുക്കുന്ന എരുമേലി താഴത്തുവീട്ടിൽ കുടുംബത്തിന്റെ വകയായി അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നദാനം നടന്നു. അമ്പലപ്പുഴ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നു മുതൽ നടക്കുന്ന അന്നദാനത്തിൽ നാലാം ദിവസത്തെ അന്നദാനമാണ് താഴത്തുവീട്ടിൽ കുടുംബം സമർപ്പണമായി നടത്തിയത്. വാവർ പള്ളി വകയായും വരും ദിവസം ക്ഷേത്രത്തിൽ അന്നദാനം നടക്കും. ഇരുകൂട്ടരും ദീർഘകാലമായി ക്ഷേത്രത്തിൽ അന്നദാനം നടത്തിവരുന്നു. യു. പ്രതിഭ എം.എൽ എ അന്നദാനം ഉദ്‌ഘാടനം ചെയ്തു. വാവർ മസ്ജിദ് സെക്രട്ടറി സി.എ.എം. കരിം, മസ്ജിദ് മുൻ പ്രസിഡന്റ് വി.എസ്. ഷുക്കൂർ, വാവർ പ്രതിനിധി ടി.എച്ച്.ആസാദ്, ഇസ്മെയിൽ ഹസൻ, ഹബീബ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയും സംഘം ഭാരവാഹികളും ചേർന്ന് കുടുംബാംഗങ്ങളെ സ്വീകരിച്ചു.