വള്ളികുന്നം: കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിലയ്ക്കുകയും സ്വകാര്യ ബസുകൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ യാത്രാക്ലേശം രൂക്ഷമായ വള്ളികുന്നത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർ വലയുന്നു.
50 വർഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ കൊവിഡിന്റെ പേരിലാണ് പൂട്ടിക്കെട്ടിയത്. വള്ളികുന്നത്ത് നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കു പിന്നീടാരംഭിച്ച സർവീസുകളും നഷ്ടക്കണക്കിന്റെ പേരിൽ നിറുത്തുകയായിരുന്നു. സ്വകാര്യ ബസുകളും നഷ്ടത്തിന്റെ പേരിലാണ് പിൻവലിഞ്ഞു നിൽക്കുന്നത്.
കൊല്ലം, തേനി ഉൾപ്പെടെ ഇരു ദേശീയപാതകളെയും ബന്ധിപ്പിക്കുന്ന കാമ്പിശേരി- ചങ്ങംകുളങ്ങര റോഡിൽ കെ.എസ്.ആർ.ടി.സി സർവീസ് പൂർണമായും നിലച്ചതാണു യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. മറ്റു റൂട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാവശ്യക്കാർ പലപ്പോഴും ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് ലക്ഷ്യത്തിലെത്തുന്നത്. പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ലിഫ്റ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഗ്രാമ വണ്ടിയെങ്കിലും ഉൾപ്പെടുത്തി അത്യാവശ്യ സർവീസ് നടത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇതു വഴിയുള്ള പത്തിലധികം സർവീസുകളാണു ഇതിനോടകം പല തവണകളായി നിറുത്തിയത്. ഒട്ടേറെ തവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല
ഐ. മുഹമ്മദ്കുഞ്ഞ്,അദ്ധ്യാപകൻ
സ്കൂൾ, ഓഫീസ് സമയം കേന്ദ്രീകരിച്ച് ബസ് സർവീസ് ആരംഭിക്കാൻ നടപടി വേണം
ദേവിക സന്തോഷ്, പ്ലസ്ടു വിദ്യാർത്ഥി
പഠന ആവശ്യങ്ങൾക്കടക്കം യാത്ര ചെയ്യുന്നതിനു ബസ് റൂട്ടുള്ള ജംഗ്ഷനിലെത്താൻ 6 കിലോമീറ്ററിലധികം ദൂരം നടക്കേണ്ട അവസ്ഥയാണ്
ജി.ആതിര, പ്ലസ് ടു വിദ്യാർത്ഥി