ചാരുംമൂട് : കല്ലട, പമ്പ ഇറിഗേഷൻ പദ്ധതികളുടെ അധീനതയിലുള്ള കനാലുകളിലൂടെയുള്ള ഒഴുക്ക് സുഗമമാക്കുന്നതിനും കനാൽ നവീകരണത്തിനും 54 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാകുന്നു. തൊഴിലുറപ്പ് പദ്ധതി മുഖേന കനാൽ നവീകരണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടർ കൃഷ്ണതേജയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.ഡിസംബർ ജനുവരി മാസങ്ങളിൽ കെഐപി പിഐപി കനാലുകളിലൂടെ വെള്ളം തുറന്നുവിട്ട് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനാൽ ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തികൾ ഇറിഗേഷൻവകുപ്പും എൻആർഇജിഎസും സംയുക്തമായി ഏറ്റെടുക്കണമെന്നും, ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
കനാലുകളിൽ തടസമില്ലാതെ ഒഴുക്ക് സാദ്ധ്യമാക്കുന്നതിനാവശ്യമായ സമഗ്ര പദ്ധതി ജലസേചന വകുപ്പ് തയ്യാറാക്കി പഞ്ചായത്തുകൾക്ക് നൽകണമെന്ന് കളക്ടർ പറഞ്ഞു. കയർ ഭൂവസ്ത്രം ഉപയോഗിച്ച് കനാലുകളുടെ വശങ്ങൾ ബലപ്പെടുത്തുന്ന പ്രവൃത്തി പദ്ധതിയിൽ ഏറ്റെടുക്കണം.
ജി സുനിൽകുമാർ, ഡോ. കെ മോഹൻകുമാർ, ബി വിനോദ്, അഡ്വ. കെ.ആർ.അനിൽ, സ്വപ്നസുരേഷ്, ഷീബ സതീഷ്, കെ.വി.ശ്രീകുമാർ, പി. കോമളൻ,ഷൈനി ലൂക്കോസ്, ശ്രീലക്ഷ്മി, ജെ.ഗായത്രി, എസ്.ഷൈമ എന്നിവർ പങ്കെടുത്തു.