mahila

ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എം.സി.ജോസഫൈൻ നഗറിൽ (കാമിലോട്ട് കൺവെൻഷൻ സെന്റർ) അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ എന്ത് വേഷം ധരിക്കണമെന്ന് തീരുമാനമെടുക്കുന്ന പുരുഷാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന വിഭാഗമെന്ന നിലയ്ക്ക് സമരപോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കേണ്ടത് സ്ത്രീകളാണെന്നും അവർ അഭിപ്രായപ്പെട്ടു. പുരുഷന്മാരെക്കാൾ സ്ത്രീ വോട്ടർമാരാണ് ഇടതുഭരണം നിലനിറുത്തിയത്. കുടുംബശ്രീ ഉൾപ്പെടെ സ്ത്രീശാക്തീകരണ മേഖലകൾ നടത്തിയ പോരാട്ടത്തിന്റെ കൂടി ഫലമാണ് കേരളത്തിലെ തുടർഭരണമെന്നും സുഭാഷിണി അലി അഭിപ്രായപ്പെട്ടു. വിപ്ലവഗായിക പി.കെ.മേദിനിയെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ കെ.ജി.രാജേശ്വരി സ്വാഗതം പറഞ്ഞു. എളമരം കരീം, മന്ത്രി ആർ.ബിന്ദു, പ്രൊഫ മാലിനി ഭട്ടാചാര്യ, പുണ്യവതി, യു.വാസുകി, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, പി.സതീദേവി, ടി.എൻ.സീമ തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകിട്ട് നാലിന് മല്ലു സ്വരാജ്യം നഗറിൽ (ഇ.എം.എസ് സ്റ്റേഡിയം) പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും.