ചാരുംമൂട് : ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ- മണ്ണെടുക്കുംവിള റോഡിന്റെ ടാറിംഗ് പുനരാരംഭിച്ചു. റോഡിന്റെ ടാറിംഗ് നിറുത്തിയതിനെത്തുടർന്ന് യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് എം.എസ്.അരുൺകുമാർ എം.എൽ.എയും ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാറും ഉദ്യോഗസ്ഥരോടും കരാറുകാരനോടും സംസാരിച്ച് എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പുനർ നിർമ്മാണത്തിന്റെ പേരിൽ റോഡിലെ ഗതാഗതം തടഞ്ഞിട്ട് നാലു മാസമായിരുന്നു. കരിമുളയ്ക്കൽ ജംഗ്ഷനിൽ നിന്നു മണ്ണെടുക്കുംവിള വരെയാണ് ദുരിതമേറെ അനുഭവിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് കരിമുളയ്ക്കലിൽ നിന്ന് കനാൽ ജംഗ്ഷൻ വരെ ടാറിംഗ് നടത്തിയെങ്കിലും ഈ ഭാഗത്ത് ഇരു വശവും മണ്ണിട്ട് ഉയർത്താത്തത് അപകട ഭീഷണിയാണ്. റോഡ് ഇളകിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ കരിമുളയ്ക്കലിലെ മിക്ക വ്യാപാരം സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞിരുന്നു.