s
ദേശീയപാത വികസന പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസിലെ പാലം നി​ർമ്മാണം കളക്ടർ വി.ആർ.കൃഷ്ണ തേജ പരിശോധിക്കുന്നു.

ആലപ്പുഴ : ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 31 വില്ലേജുകളിലായി 81 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസനം. മൂന്ന് റീച്ചുകളായാണ് നിർമ്മാണം. സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം അവസാന ഘട്ടത്തിലാണ്.

ഇതുവരെ നഷ്ടപരിഹാരമായി 2882.15 കോടി രൂപ വിതരണം ചെയ്തു. ആകെ 3,180.53 കോടി രൂപയാണ് അനുവദിച്ചത്. 90.62 ശതമാനം പണം വിതരണം ചെയ്തു. ചേർത്തലയിൽ സെന്റിന് 4,48,451 രൂപയും ആലപ്പുഴയിൽ 4,94,172 രൂപയും ഹരിപ്പാട് 5,40,539 രൂപയുമാണ് നഷ്ടപരിഹാര തുകയായി നൽകിയത്. സ്ഥലത്തിന് മാത്രമുള്ള വിലയാണിത്. നഷ്ടപരിഹാരം ലഭിക്കാത്തവർക്കും രേഖകൾ ഹാജരാക്കാത്തവർക്കുമായി പ്രത്യേക അദാലത്തുകൾ നടത്തി. സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളിൽ ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം, സർവീസ് റോഡ് നിർമാണം തുടങ്ങിയ ജോലികൾ ആരംഭിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് 102.09 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.

കെട്ടിടങ്ങൾ പൊളിച്ചടുക്കി
തുറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗങ്ങളിലായി ആകെ 4,807 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇതിൽ 4,505 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചു. തുറവൂർ മുതൽ പറവൂർ വരെയുള്ള റീച്ചിൽ 1,444 കെട്ടിടങ്ങളുണ്ട്. ഇതിൽ 1,341 കെട്ടിടങ്ങൾ പൊളിച്ചു. പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള 2,917 കെട്ടിടങ്ങളിൽ 2,731 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. കൊറ്റുകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള 4,46 കെട്ടിടങ്ങളിൽ 4,33 എണ്ണവും പൊളിച്ചു നീക്കിട്.

നഷ്ടപരിഹാര നിർണയം
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം എല്ലാ നിർമ്മിതികൾക്കും കാർഷിക വിളകൾക്കും മരങ്ങൾക്കും പ്രത്യേകമായി വില നിർണയം നടത്തി സമാശ്വാസ പ്രതിഫലവും ചേർത്ത് ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഭൂമിക്ക് നിശ്ചയിച്ച വിലയ്ക്ക്, 3എ വിജ്ഞാപന തീയതി മുതൽ 3 ജി (1) പ്രകാരം അവാർഡ് നിശ്ചയിക്കുന്ന തീയതി വരെയുള്ള ദിവസങ്ങൾക്ക് 12 ശതമാനം അധികവിലയും നൽകും. മുനിസിപ്പൽ പരിധിയിൽ നിന്ന് 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 1.2 ഗുണനഘടകവും 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 1.4 ഗുണനഘടകവും അനുവദിക്കും.

നഷ്ടപരിഹാരത്തുക (കോടിയിൽ)

അനുവദിച്ചത്: 3,180.53

വിതരണം ചെയ്തത്: 2888.15

ഏറ്റെടുക്കേണ്ട സ്ഥലം (ഹെക്ടറിൽ)

ആകെ: 106.14

ഏറ്റെടുത്തത്: 102.09

സ്വകാര്യഭൂമി: 93.55

സർക്കാർ ഭൂമി: 12.59

ആകെ കെട്ടിടങ്ങൾ: 4,807

പൊളിച്ചത്: 4,505