 
മാന്നാർ: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള ദുരിതയാത്രക്ക് അറുതിവരുത്താ ൻ പ്രക്ഷോഭ പാതയിലേക്കിറങ്ങി ഒരു നാട് . മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 4 ,3 ,2 ,1 വാർഡിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ ശോച്യാവസ്ഥക്ക് വർഷങ്ങളായിട്ടും പരിഹാരമില്ലാത്തതിലാണ് നാട്ടുകാർ രംഗത്തെത്തിയത്. പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റർ മാത്രം വീതിയുള്ള ബണ്ട് റോഡ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ തകർന്ന് കുണ്ടും കുഴിയുമായി മാറി. ഇരുദിശകളിൽ നിന്നും ഒരേസമയം രണ്ടു ചെറിയവാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. ജലജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് കുളമായതോടെ ദുരിതമിരട്ടിയായി.
എം.എൽ.എയ്ക്ക് കത്തയച്ച് 'കുട്ടീസ് വൈബ്‌സ്'
റോഡ് തകർന്ന് കിടക്കുന്നതിനാൽ സ്കൂൾ ബസുകൾ വരാത്തതിനാൽ കിലോമീറ്ററുകൾ നടന്ന് മൂർത്തിട്ട ജംഗ്‌ഷനിൽ ചെന്നാണ് പ്രദേശവാസികളായ കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും. റോഡിന്റെ ഇരുവശവും കാട് കയറിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളെ പേടിച്ചാണ് യാത്ര. പാവുക്കര വാഴത്തറ നിമാഫാത്തിമ, സ്വാലിഹ, മുഹമ്മദ്ഹാതിം, അഖില, അംനഫാത്തിമ എന്നിവർ തങ്ങളുടെ യൂട്യൂബ് ചാനലായ 'കുട്ടീസ് വൈബ്‌സി'ലൂടെ റോഡിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചിരുന്നു. തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് ഇവർ സജി ചെറിയാൻ എം.എൽ.എയ്ക്ക് കത്തയക്കുകയും ചെയ്തു. എം.എൽ.എ തങ്ങളുടെ പരാതി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടീസ് വൈബ്‌സ്.
പ്രതിഷേധവുമായി കോൺഗ്രസ്
മൂർത്തിട്ട-മുക്കാത്താരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും ധർണയും നടത്തി. ഡി.സി.സി.വൈസ് പ്രസിഡന്റ് കെ.ആർ.മുരളിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, ജോജി ചെറിയാൻ, ടി.എസ് ഷെഫീഖ്. സുജിത്ത് ശ്രീരംഗം, അനിൽ മാന്തറ, പി.ബി.സലാം, അൻസിൽ അസീസ്, രാഗേഷ്, ഷംഷാദ്, സജി മെഹബൂബ്, പി.അബ്ദുൾ അസിസ്, പി.സി.ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.