
# തിരിഞ്ഞുനോക്കാൻ ആളില്ലാതെ അതിർത്തിച്ചിറ സാംസ്കാരിക വിനോദകേന്ദ്രം
കായംകുളം: കൃഷ്ണപുരം അതിർത്തിച്ചിറ സാംസ്കാരിക വിനോദകേന്ദ്രത്തിനു വേണ്ടി മുടക്കിയ 17 കോടിക്കു മീതേ മാലിന്യം കുമിഞ്ഞുകൂടുന്നു! എം.എൽ.എ ആയിരുന്ന സി.കെ സദാശിവന്റെ സ്വപ്ന പദ്ധതിയായിരുന്ന വിനോദകേന്ദ്രം, അദ്ദേഹം കളമൊഴിഞ്ഞതോടെ അനാഥമാവുകയായിരുന്നു.
കാടുപിടിച്ച് അവസ്ഥയിലാണ് നിലവിൽ അതിർത്തിച്ചിറ സാംസ്കാരിക വിനോദകേന്ദ്രം. കെട്ടിടങ്ങളും ഹട്ടുകളും തടാകവും ഓച്ചിറ വേലുക്കുട്ടി സ്മാരക ഓഡിറ്റോറിയവും ഗ്രന്ഥശാലയും എല്ലാം തകർന്നടിഞ്ഞു. കാടുകയറിയ കേന്ദ്രത്തിന് നടുവിൽ ഇതിനെല്ലാം മൂക സാക്ഷിയായി, കായംകുളം വാളും ഉയർത്തി കായംകുളം രാജാവിന്റെ പ്രതിമയും നിലകൊള്ളുന്നു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ദുരൂഹമരണങ്ങളും നടക്കുന്നു. ദേശീയപാതയോട് ചേർന്ന് കിടക്കുകയാണെങ്കിലും മതിൽകെട്ടി തിരിച്ചിട്ടുമില്ല. വേണ്ടത്ര വൈദ്യുത വിളക്കുകളും ഇല്ല.
2019 ഫെബ്രുവരി 25നായിരുന്നു ഉദ്ഘാടനം. പക്ഷേ, വിനോദകേന്ദ്രത്തിന്റെ നടത്തിപ്പിന് പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രാത്രിയിൽ അതിർത്തിച്ചിറ സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും താവളമാണ്. രാത്രിയിൽ മദ്യപർ ബഹളം വയ്ക്കുന്നതും അടിപിടി കൂടുന്നതും നിത്യസംഭവമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലായിരുന്ന 4.18 ഏക്കറാണ് അതിർത്തിച്ചിറ വിനോദ കേന്ദ്രത്തിനായി വിട്ടു നൽകിയത്. ഇതുവരെ 17 കോടിയോളം മുടക്കിയെങ്കിലും പദ്ധതി രൂപരേഖ പ്രകാരമുള്ള പൂർത്തീകരണം ആയിട്ടില്ല. രാഷ്ടീയ പോരും വകുപ്പുകളുടെ ഏകോപമനമില്ലായ്മയുമാണ് അതിർത്തിച്ചിറ കാടുപിടിച്ച് കിടക്കാൻ കാരണം.
# അഡ്വഞ്ചർ ടൂറിസം ഇനിയുമകലെ
അതിർത്തിച്ചിറയിലെ അഡ്വഞ്ചർ ടൂറിസം പാർക്ക് പ്രഖ്യാപനത്തിൽ ഒതുങ്ങി. ടൂറിസം വകുപ്പ് 91 ലക്ഷം ഇതിനായി അനുവദിച്ചിച്ചിരുന്നു. വാപ്കോസ് എന്ന സർക്കാർ ഏജൻസിക്കായിരുന്നു നിർവഹണ ചുമതല. എന്നാൽ കരാർ എടുത്തയാൾ നിർമ്മാണം തുടങ്ങിയില്ല. ഇനി വീണ്ടും ടെൻഡർ നപടികളിലേക്കു നീങ്ങണം. സ്കൈ സൈക്ലിംഗ്, സ്ലിപ്ലൈൻ, ഫ്രീഫാൾ, ടവർ ക്ലൈംബിംഗ് എന്നീ സാഹസിക വിനോദങ്ങളാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതിനായി 10 മീറ്റർ ഉയരത്തിൽ അതിർത്തിച്ചിറയുടെ രണ്ട് വശങ്ങളിലായി രണ്ടു ടവറുകൾ സ്ഥാപിക്കണം. കായൽതീരത്ത് പദ്ധതി നടപ്പാക്കാനായിരുന്ന ആദ്യ തീരുമാനം. തീരപരിപാലന നിയമത്തിൽപ്പെടുന്ന സ്ഥലമായതിനാൽ തടസങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ പദ്ധതി അതിർത്തിച്ചിറയിലേക്ക് മാറ്റുകയായിരുന്നു.
എന്നിട്ടും ഗുണമുണ്ടായില്ല.
.