മാന്നാർ: പ്രളയക്കെടുതികൾ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടിട്ട് ജലസ്രോതസുകൾ സംരക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് എന്റെ പ്രധാന അജണ്ടയെന്നും അതൊരു ബാധ്യതയായി ഏറ്റെടുത്ത് കൊണ്ട് നദികളും കുളങ്ങളും സംരക്ഷിക്കാനായി വികസനഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിക്കുകയാണെന്നും സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാന്നാർ ഇരമത്തൂർ മുഹിയിദ്ദീൻ ജുമാമസ്ജിദിനോട് ചേർന്നുള്ള കുളം നാടിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. ജുമാ മസ്ജിദ് പ്രസിഡന്റ് ഷമീം അലി അദ്ധ്യക്ഷത വഹിച്ചു. മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഹക്കീം ഖാസിമി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പുഷ്പ ലത, മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം അശോകൻ എന്നിവർ സംസാരിച്ചു. കുളം നവീകരണ കമ്മിറ്റി കൺവീനർ മുഹമ്മദ് അജിത് സ്വാഗതവും ജമാഅത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് നന്ദിയും പറഞ്ഞു.