ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം തെക്ക് 301ാം നമ്പർ ശാഖയിൽ ഭരണസമിതി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു അതിക്രമം നടത്തിയതായി പരാതി. ഭരണസമിതി തിരഞ്ഞെടുപ്പ്രനായി നിയോഗിക്കപ്പെട്ട റിട്ടേണിംഗ് ഓഫീസർ അഡ്വ. യു. ചന്ദ്രബാബു, യോഗം ഡയറക്ടർ എം. കെ ശ്രീനിവാസൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ തുടങ്ങിയവർ നടപടികൾ നീക്കുമ്പോഴാണ് ഒരു കൂട്ടം അതിക്രമിച്ചു കയറിയത്. ഏതാനും ആളുകൾ ശാഖായോഗം ഓഫീസിൽ അതിക്രമിച്ചു കടന്ന് റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചുവെച്ച നോമിനേഷൻ പേപ്പറുകൾ അപഹരിച്ചെടുത്തു. റിട്ടേണിംഗ് ഓഫീസറേയും സംഘത്തെയും ഭീഷണിപ്പെടുത്തുകയും തടഞ്ഞു വയ്ക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ യൂണിയൻ കൗൺസിലിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂണിയൻ കൗൺസിൽ പരാതിയിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എസ് സലികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അഡ്വ. യു.ചന്ദ്രബാബു അക്രമത്തെപ്പറ്റി വിശദീകരിച്ചു. ഡയറക്ടർമാരായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, പി.എൻ അനിൽകുമാർ, ബിജു പത്തിയൂർ, അയ്യപ്പൻ കൈപ്പള്ളിൽ, എസ്.ജയറാം, രഘുനാഥ് എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കാശിനാഥൻ നന്ദി പറഞ്ഞു.