മുഹമ്മ : ജീവിതമാർഗമായ പെട്ടിക്കട മാറ്റിയതിൽ പ്രതിഷേധിച്ച് നില്പുസമരവുമായി ഒരു വനിത. മുഹമ്മ ഏഴാം വാർഡിൽ വൈക്കത്ത് പറമ്പിൽ നിർമ്മയുടെ മകൾ മിനിമോളാണ് പകൽ മുഴുവൻ ജലപാനം പോലും ഉപേക്ഷിച്ച് പ്ളക്കാർഡുമായി മുഹമ്മ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡിനു സമീപം കഴിഞ്ഞ ഒരാഴ്ചയിലേറെയായി സമരരംഗത്തുള്ളത്.
. 'കട തള്ളി മാറ്റി നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കടയിരുന്ന സ്ഥലത്തും പഞ്ചായത്തിലും കളക്‌ട്രേറ്റിലും മരണം വരെ നിരാഹാര സമരം ' എന്നാണ് ബോർഡിലെഴുതിയിട്ടുള്ളത്. 20 വർഷങ്ങൾക്ക് മുമ്പ് മുതൽ മിനിമോളുടെ അമ്മ അങ്ങാടി തോടിനു സമീപം പെട്ടിക്കട നടത്തി വരുകയായിരുന്നു . തോടിന്റെ ഒരു ഭാഗം നികത്തി ബസ് സ്റ്റാൻഡ് പണി ആരംഭിച്ചപ്പോൾ പെട്ടിക്കട മാറ്റിത്തരണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ആദ്യം നിർമ്മല സമ്മതിച്ചില്ല .തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് കട മാറ്റി . ബസ് സ്റ്റാൻഡ് ഉദ്ഘാടന ശേഷം വീണ്ടും പെട്ടിക്കട പ്രവർത്തനം തുടങ്ങി. എന്നാൽ രാത്രികാലങ്ങളിൽ ഇത് നശിപ്പിക്കാൻ ശ്രമമുണ്ടായപ്പോൾ വെയിറ്റിംഗ് ഷെഡിന്റെ പടിഞ്ഞാറുവശത്തേക്ക് കട മാറ്റി സ്ഥാപിച്ചു. അപ്പോഴും കടയ്ക്ക് നേരേ ആക്രമണമുണ്ടായി. തകർന്ന കട കാത്തിരിപ്പ് കേന്ദ്രത്തിന് മറയായി വെറുതെ കിടന്നു.
ഈ സമയത്താണ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രികാലങ്ങളിൽ മദ്യപാനവും അനാശാസ്യവും നടക്കുന്നതായി പൊലീസിൽ പരാതി ലഭിച്ചത്. കടയുടെ മറ കാരണം സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാകാത്തതിനാൽ കട മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. തങ്ങളുടെ ജീവിതമാർഗമായ പെട്ടിക്കട ബസ് സ്റ്റാൻഡിന് തടസ്സമാകാത്ത വിധം പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാണ് മിനിമോളും അമ്മയും ആവശ്യപ്പെടുന്നത് .ആവശ്യം അംഗീകരിക്കുന്നതുവരെ രാവിലെ 7 ന് തുടങ്ങി വൈകിട്ട് 7ന് അവസാനിപ്പിക്കുന്ന സമരം തുടരുമെന്നാണ് മിനിമോൾ പറയുന്നത്.