photo

ആലപ്പുഴ: വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി അമ്പലപ്പുഴ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അഞ്ചു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ അമ്പലപ്പുഴ താലൂക്കിലെ രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷനാകും. ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപമാണ് ഇപ്പോൾ മിനി സിവിൽ സ്റ്റേഷനുള്ളത്.

അമ്പലപ്പുഴയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ 10കോടി രൂപ വകയിരുത്തിയിരുന്നു. കച്ചേരി ജംഗ്ഷനിലുള്ള റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ സ്ഥലമാണ് കെട്ടിട നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിലവിൽ പ്രവർത്തിക്കുന്ന കോടതിയും മറ്റ് ഓഫീസുകളും വേറൊരിടത്തേക്ക് മാറ്റിയതിനു ശേഷമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂ.

കഴിഞ്ഞ ദിവസം എച്ച് സലാം എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം സ്ഥല പരിശോധന നടത്തി. ഓരോ ഓഫീസുകൾക്കും വേണ്ടിവരുന്ന സൗകര്യങ്ങൾ നിർണ്ണയിച്ചുള്ള പ്രാഥമിക പ്ലാൻ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, എ.ഡി.എം എസ്.സന്തോഷ് കുമാർ, അമ്പലപ്പുഴ ഡിവൈ എസ്.പി ബിജു വി.നായർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്,തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

 മിനി സിവിൽ സ്റ്റേഷൻ അഞ്ചു നിലകളിൽ

 ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക 3 നിലകൾ

 പ്ളാൻ തയ്യാറാക്കാൻ പി.ഡബ്ള്യു.ഡിയെ ചുമതലപ്പെടുത്തി

 കെട്ടിടനിർമ്മാണം കച്ചേരിമുക്കിൽ റവന്യൂവകുപ്പിന്റെ ഒരേക്കറിൽ

10 : ബഡ്ജറ്റിൽ വകയിരുത്തിയത് പത്ത് കോടി രൂപ

വെല്ലുവിളി

രാജഭരണ കാലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് കോടതി, സബ് രജിജിസ്ട്രാർ, വില്ലേജ് , ട്രഷറി ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഈ ഓഫീസുകൾ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നതിന് സമയം വേണ്ടിവരും. ഇതോടൊപ്പം ഡി.പി.ആർ പൂർത്തീകരിച്ച് അംഗീകാരം നേടുകയും വേണം.

മിനി സിവിൽ സ്റ്റേഷനിൽ വരുന്ന ഓഫീസുകൾ

അമ്പലപ്പുഴ വില്ലേജ് ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് ലേബർ ഓഫീസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി, കൃഷിഭവൻ, കൃഷി അസി.ഡയറക്ടർ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്