ഹരിപ്പാട് : സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് സ്കൂൾ നിയോജക മണ്ഡലമാകാൻ ഹരിപ്പാട് ഒരുങ്ങുന്നു. ഡിസംബറിൽ പദ്ധതി തുടങ്ങും. മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും 22000 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സ്കൂളുകളും പദ്ധതിയുടെ ഭാഗമാകും. മയൂഖം ഹൈടെക് സ്കൂൾ പദ്ധതി എന്നാണ് പേര്. ഇത് നടപ്പാക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.
നിലവിലെ കരിക്കുലത്തിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളെയും മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും ആപ്പിലുണ്ടാകും. വിദ്യാഭ്യാസം - ടെക്നോളജി വാർത്തകൾ, പൊതു വിജ്ഞാനം, ലൈബ്രറി, സ്കൂൾ മെസേജ് , ഹാജർ തുടങ്ങിയവയല്ലാം ഇതിലൂടെയറിയാം. ഓൺലൈൻ ക്ളാസ് , പരീക്ഷ, ക്ളാസ് നോട്ട്സ്, അസൈമെന്റ് , പി.ടി.എ മീറ്റിംഗ് , ടീച്ചേഴ്സ് മീറ്റിംഗ് തുടങ്ങിയവയക്കും ആപ്പിൽ സംവിധാനമുണ്ടാകും. മാതാപിതാക്കൾക്ക് ആപ്പിലൂടെ കുട്ടികളുടെ പഠന നിലവാരങ്ങൾ ലഭിക്കും. ഓരോ സ്കൂളിനും സ്വന്തമായി ആപ്പ് ഉണ്ടാകും. പുറത്ത് നിന്നാർക്കും ഇതിലെ വിവരങ്ങൾ ലഭിക്കില്ല. റോബോട്ടിക്സ് കോഴ്സ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകും.
പദ്ധതി
സ്കൂളുകൾക്ക് സ്വന്തമായി മൊബൈൽ ആപ്ളിക്കേഷൻ, ആധുനികലോകത്ത് ഏറ്റവും പ്രാധാന്യമുള്ള കോഴ്സായ റോബോട്ടിക്സ് , പൊതു വിജ്ഞാനത്തിനും പൊതുപരീക്ഷാ പരിശീലനത്തിനുമായി ടാലന്റ് ഹണ്ട് എന്നീ മൂന്ന് പദ്ധതികളുടെ സംയോജനമാണ് ഹൈടെക് സ്കൂൾ പദ്ധതി.
മയൂഖം ബുക്ക്
ടാലന്റ് ഹണ്ട് പദ്ധതിയുടെ ഭാഗമായി എൽ.കെ.ജി മുതൽ പത്താം ക്ളാസ് വരെയുള്ളവർക്ക് പൊതുവിജ്ഞാനവും മറ്റു അറിവുകളും ഉൾക്കൊള്ളുന്ന മയൂഖം ബുക്ക് നൽകും . ഒരോ ക്ളാസുകാർക്കും പ്രത്യേകം ബുക്കായിരിക്കും. പൊതു പരീക്ഷയിൽ കുട്ടികൾ നേടുന്ന മാർക്കിനെ അടിസ്ഥാനമാക്കി ഒരോ ക്ളാസിലും സ്കൂളിലും നിയോജക മണ്ഡലത്തിലും മികച്ച മാർക്ക് നേടുന്നവരെ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.
കുട്ടികളുടെ പൊതുവായ മികവ് കണക്കാക്കി മികച്ച സ്കൂളുകളെ തിരഞ്ഞെടുത്ത് ട്രോഫി നൽകും.ഓരോ വർഷത്തെയും മികവ് കണക്കാക്കി മികച്ച മാനേജ്മെന്റ്, പി.ടി.എ , എം.പി.ടി.എ , അദ്ധ്യാപിക, പ്രിൻസിപ്പൽ തുടങ്ങിയ പുരസ്കാരങ്ങളും നൽകും. ഇതിനായി മയൂഖം ഫെസ്റ്റ് നടത്തും. നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റ പരിപാടിയായി മയൂഖം വിദ്യാഭ്യാസ പദ്ധതിയെ മാറ്റും
- രമേശ് ചെന്നിത്തല എം.എൽ.എ