photo
താലൂക്ക് ആസ്ഥാന ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡിന്റെ ടാർമാർക്കിനോടു ചേർന്നു നടക്കുന്ന കാനനിർമ്മാണം

ചേർത്തല : വെള്ളക്കെട്ടിനു പരിഹാരം കാണാൻ നിർമ്മിക്കുന്ന കാനയിൽ ആശങ്കയുയർത്തി നഗരവാസികൾ. താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള റോഡിനോടു ചേർന്ന കാന നിർമ്മാണത്തിനെതിരെയാണ് പരാതി

.ഏതാനും നാളുകൾക്കു മുമ്പ് പുനർനിർമ്മിച്ച റോഡിന്റെ ടാർ മാർക്കിനോടു ചേർന്നാണ് കാന ഒരുക്കുന്നത്. ഇത് ഗതാഗത തടസമുണ്ടാക്കാനും ഭാവിയിൽ റോഡിന്റെ വികസനത്തിന് തടസമാകാനും കാരണമാകുമെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന്റെ ബഡ്ജ​റ്റ് തുക ഉപയോഗിച്ച് നഗരത്തിൽ വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിന് കാന നിർമ്മിക്കുന്നതിനായി അനുവദിച്ച മൂന്നുകോടിയിൽ നിന്നാണ് പ്രവർത്തനങ്ങൾ.കാന നിർമ്മിച്ച് റോഡു മുറിച്ച് താലൂക്ക് ആശുപത്രിക്കു സമീപമുള്ള പ്രധാന കാനയിലേക്കു ബന്ധിപ്പിക്കാനാണ് പദ്ധതി. ഇവിടെ റോഡരുകിൽ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ നിലവിലുണ്ട്.


സ്ഥലപരിമിതിയുള്ളതിനാലാണ് റോഡിനോടു ചേർന്ന് കാന നിർമ്മിക്കുന്നത്. ഗതാഗതത്തിനു തടസമാകാത്ത തരത്തിലാണ് നിർമ്മാണം.

-എക്സിക്യുട്ടീവ് എൻജിനീയർ പൊതുമരാത്ത് റോഡ്സ് വിഭാഗം