ആലപ്പുഴ : ബസ് സ്റ്റോപ്പുകളിൽ നിലവിലുണ്ടായിരുന്ന വിശ്രമകേന്ദ്രങ്ങൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കിയതോടെ യാത്രക്കാർ വെയിലേറ്റ് വാടുന്നു. തുറവൂർ മുതൽ ഓച്ചിറ വരെ 56 വഴിയോര വിശ്രമകേന്ദ്രങ്ങളാണ് പൊളിച്ചു നീക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ടീയ പാർട്ടികൾ തുടങ്ങിയവർ യാത്രക്കാർക്കായി വഴിയോരങ്ങളിൽ നിർമ്മിച്ച ചെറുതും വലുതുമായ വിശ്രമ കേന്ദ്രങ്ങളാണ് ഇല്ലാതായത്.
വെയിലത്തും മഴയത്തും ബസ് കാത്തു നിൽക്കാൻ യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു ഇവ. പല സ്റ്റോപ്പുകളുടെയും അടയാളങ്ങളും ഈ വെയിറ്റിംഗ് ഷെഡുകളായിരുന്നു. ഇവ പൊളിച്ചു മാറ്റിയതോടെ സ്റ്റോപ്പ് തിരിച്ചറിയാതെയും യാത്രക്കാർ വലയുന്നുണ്ട്.
വിശ്രമകേന്ദ്രങ്ങൾ ഇല്ലാതിരുന്ന ഭാഗങ്ങളിൽ യാത്രക്കാർക്ക് ആശ്വാസമേകിയ തണൽ മരങ്ങളും വെട്ടിമാറ്റി. മഴ പെയ്താൽ ഒന്നു കയറി നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. യാത്രക്കാർക്കായി താത്കാലിക വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
"ദേശീയപാത കടന്നു പോകുന്ന പഞ്ചായത്ത് ,നഗരസഭ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് ശുചിത്വമിഷന്റെ സഹായത്തോടെ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം.
- ബി.വിനോദ്, പൊതുപ്രവർത്തകൻ, പുറക്കാട്
ദേശീയപാതയുടെ നവീകരണം പൂർത്തികരിക്കും വരെ മഴയും വെയിലും കൊണ്ട് യാത്രക്കാർ ദുരിതത്തിലാകും. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താൽക്കാലിക ടോയിലറ്റ് സംവിധാനത്തോടെ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രാദേശിക ഭരണസമിതികൾ മുൻകൈയ്യെടുക്കണം.
- സുനിൽകുമാർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, തോട്ടപ്പള്ളി