ആലപ്പുഴ : സമയമില്ലെന്ന് പറഞ്ഞ് കൃഷിയിൽ നിന്ന് ഒഴിഞ്ഞു മാറി വിപണിയിലെ വിഷപ്പച്ചക്കറികൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് മുന്നിൽ മാതൃകയാവുകയാണ് തിരുവനന്തപുരം പി.എസ്.സി ഓഫീസിലെ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ ചേർത്തല എസ്.എൻ പുരം ചാലയിൽ വീട്ടിൽ എം.സതീഷ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും സമയം കണ്ടെത്തി മണ്ണിൽ വിളവെടുക്കുന്ന സതീഷ് ഇതിനകം കഞ്ഞിക്കുഴി കൃഷിഭവന്റെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡടക്കം സ്വന്തമാക്കിയിട്ടുണ്ട്. കൃഷിയോട് പ്രിയമുണ്ടെങ്കിൽ സമയക്കുറവൊരു തടസമല്ലെന്നാണ് സതീഷിന്റെ പക്ഷം.
മുമ്പ് പച്ചക്കറിയടക്കം കൃഷി വിപുലമായിരുന്നു. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമായതോടെ ദീർഘകാലം വിളവെടുപ്പ് വേണ്ടി വരുന്ന വാഴ, ചേന, ചേമ്പ്, പപ്പായ, ഇഞ്ചി എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ആഴ്ചയിലൊരിക്കൽ മാത്രം പരിചരിച്ചാൽ മതിയെന്നതാണ് പ്രധാന നേട്ടം. സ്വന്തമായുള്ള ഒരേക്കർ പാടത്ത് പരമ്പരാഗത നെൽ വിത്തായ വിരിപ്പും മുണ്ടകനും വിളയുന്നുണ്ട്. പാടശേഖരങ്ങളുടെ വരമ്പുകളിൽ കൃഷി ചെയ്ത ഏത്തവാഴകൾ കുലച്ചതോടെ വിളവെടുപ്പാരംഭിച്ചു. ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. പറമ്പിലെ പച്ചക്കറികൾക്കു പുറമേയാണ് പാടവരമ്പിൽ വാഴ കൃഷി നടത്തിയത്. ചാണകവും കോഴി വളവും പായലുമാണ് വാഴ കൃഷിയുടെ പ്രധാന വളം. കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച പിതാവ് സി.കെ. മനോഹരനും കൃഷിക്ക് സഹായിയായി ഒപ്പമുണ്ട്. വസുന്ധരയാണ് മാതാവ്. ഭാര്യ: ലക്ഷ്മി. മക്കൾ: മീനാക്ഷി, മന്വയ, മന്വിക.