ചെറുകോൽ : ഈഴക്കടവ് ശ്രീനാരായണ ധർമ്മാശ്രമ സ്ഥാപകൻ ഗുരുധർമ്മാനന്ദ സ്വാമിയുടെ 28-ാം സമാധി ദിനാചരണം ഗുരുധർമ്മാനന്ദ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ധർമ്മാനന്ദ ഗുരുകുലത്തിൽ നടക്കും. രാവിലെ ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ, ഹവനം, യജ്‌ഞം എന്നിവ നടക്കും.10 ന് പൊതുസമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ കെ.ഗംഗാധരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും.
പുതുപ്പള്ളി ചേവണ്ണൂർ തൃപ്പാദഗുരുകുലം ആചാര്യൻ ടി.പി രവീന്ദ്രൻ മുഖ്യപ്രഭാഷണവും ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തല എന്നിവർ സമാധിദിന സന്ദേശവും നൽകും. ഗുരുകുലാചാര്യൻ സുന്ദരേശൻ സ്വാമി സംസാരിക്കും. സമിതി സെക്രട്ടറി ബാബു ബി സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ശശികുമാർ നന്ദിയും പറയും. ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ. 2.30 ന് സമിതിപ്രസിഡന്റ് എൻ.ശിവദാസൻ വസ്ത്രദാനം നടത്തും. വൈകിട്ട് ദീപാരാധന, സമാധിപ്രാർത്ഥന എന്നിവയോടെ സമാധി ദിനാചരണം സമാപിക്കും. വൃശ്ചികം ഒന്നിന് ആരംഭിച്ച് പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന മഹായജ്ഞത്തിനു ഞായറാഴ്ച സമാപനം കുറിക്കും.