
ആലപ്പുഴ : കുട്ടികളെയും രക്ഷിതാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ കടക്കരപ്പള്ളി ആലുങ്കലിലെ ഓൾഡ് ട്രഫോർഡ് ടർഫിൽ നടത്തിയ ഫുട്‌ബാൾ മത്സരവും ഗോളടി ചലഞ്ചും വ്യത്യസ്തമായി. കുട്ടികൾ ആദ്യമായാണ് കൃത്രിമ പുൽത്തകിടിയിൽ കളിച്ചത്. ഫുട്‌ബാൾ മത്സരം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിക്കുതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഫുട്‌ബാൾ കോച്ച് ആർ.അശ്വിൻ കുട്ടികൾക്ക് പരിശീലനം നൽകി. ഹെഡ്മിസ്ട്രസ് ശ്രീലത, ജെയിംസ് ആന്റണി , മിൻസി മോൾ മൈക്കിൾ , ബീനാമോൾ , കെ.സമിത എന്നിവർ നേതൃത്വം നൽകി.