anjana
അഞ്ജന

മാന്നാർ : നിർദ്ധന കുടുംബത്തിലെ അംഗങ്ങളായ സഹോദരിമാർ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ - സരസ്വതി ദമ്പതികളുടെ മക്കളായ അഞ്ജന (19), ആർദ്ര (15 )എന്നിവരാണ് 92 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി സുമനസുകളുടെ സഹായം തേടുന്നത്.

കഴിഞ്ഞ ഡിസംബറിൽ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടുമുഴുവൻ ഇവർക്കായി കൈകോർത്തെങ്കിലും 16 ലക്ഷം രൂപ സമാഹരിക്കാനേ കഴിഞ്ഞുള്ളൂ. 2016ൽ പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് അഞ്ജനക്ക് മജ്ജമാറ്റിവയ്ക്കൽ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് 2019 വരെ വെല്ലൂർ സി.എം.സിയിൽ ചികിത്സയിലായിരുന്നു. യാത്രയുടെ ബുദ്ധിമുട്ടും സാമ്പത്തിക ഞെരുക്കവും കാരണം രണ്ടുവർഷമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. അഞ്ജനയുടെ ശസ്ത്രക്രിയയുടെ ഭാഗമായി ആർദ്ര‌യുടെ രക്തപരിശോധന നടത്തിയപ്പോഴാണ് ഇതേ അസുഖം പിടിപെട്ടതായി അറിയുന്നത്. ഇപ്പോൾ അഞ്ജനയുടെ രോഗം കാൻസറിന്റെ അവസ്ഥയിലേക്ക് മാറി. ഇരുവർക്കും ചികിത്സക്കായി പ്രതിമാസം 10,000 രൂപയിലേറെ വേണം. കൂലിപ്പണിക്കാരനായ പിതാവ് ഗോപിക്ക് ഈ ചെലവ് താങ്ങാനാകുന്നില്ല. 5 സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ കിട്ടിയ വീട്ടിലാണ് കുടുംബത്തിന്റെ താമസം. മാതാവ് പി.ഡി.സരസ്വതിയുടെ പേരിൽ ഫെഡറൽ ബാങ്ക് മാന്നാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 10240100466929. ഐ.എഫ്.എസ്.സി : FDRL0001024