
ആലപ്പുഴ: എടത്വ ഒഴികെയുള്ള ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ് ആരംഭിച്ചതോടെ പതിവ് യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ യാത്ര ബുദ്ധിമുട്ടിലായി.
ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നാണ് സ്‌പെഷ്യൽ സർവീസ്. എ-സി റോഡ് നവീകരണം നടക്കുന്നതിനാലാണ് എടത്വ ഡിപ്പോയിൽ നിന്ന് സ്‌പെഷ്യൽ സർവീസ് ആരംഭിക്കാത്തത്. ആലപ്പുഴയിൽ നിന്ന് നാലും ചേർത്തല, ഹരിപ്പാട് ഡിപ്പോകളിൽ നിന്നു രണ്ട് വീതവും മാവേലിക്കര, കായംകുളം, എന്നിവടങ്ങളിൽ നിന്ന് ഒന്നു വീതവും ബസുകൾ സ്‌പെഷ്യൽ സർവീസിനായി പമ്പ ഡിപ്പോയിലേക്ക് വിട്ടുകൊടുത്തു. തീർത്ഥാടകരുടെ തിരക്കനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനം. മറ്റു ജില്ലകളിൽ നിന്നും വിവിധ ഡിപ്പോകളിൽ നിന്നും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പമ്പയിലും ചെങ്ങന്നൂരിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ നിന്ന് 24 മണിക്കൂറും പമ്പ സർവീസുണ്ട്. തീർത്ഥാടന കാലത്ത് ഇൻഷ്വറൻസ് തുകയും തീർത്ഥാടകരിൽ നിന്ന് ടിക്കറ്റ് നിരക്കിനൊപ്പം അധിക തുകയും വാങ്ങുന്നുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 24 മണിക്കൂർ സർവീസുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് ഇന്നലെ വരെ 52 ബസുകൾ സ്‌പെഷ്യൽ സർവീസിന് ചെങ്ങന്നൂർ, കായംകുളം ഡിപ്പോകളിൽ എത്തിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കായകുളത്ത് ഓച്ചിറയിൽ നിന്നുമാണ് സർവീസുകൾ ആരംഭിക്കുന്നത്.
സ്‌പെഷ്യൽ സർവീസ്
(ഡിപ്പോ, സമയം, ടിക്കറ്റ് നിരക്ക്)
ആലപ്പുഴ: രാത്രി 9, 253
ചേർത്തല: രാവിലെ 7.10,273
ഹരിപ്പാട്: രാത്രി 9, 225
കായംകുളം: രാത്രി 7.30, 231(ഓൺലൈൻ)
കായംകുളം: രാത്രി 8, 231
മാവേലിക്കര: രാത്രി 7.20, 208
ചെട്ടികുളങ്ങര: രാത്രി 8.30, 216
ചെങ്ങന്നൂർ 24 മണിക്കൂർ, 148
ജില്ലയ്ക്ക് ലഭിച്ച സ്പെഷ്യൽ ബസുകൾ
ആകെ: 52
ജില്ലയിൽ നിന്നുള്ളവ: 10