s

ആലപ്പുഴ: രാജാ കേശവദാസ് നീന്തൽക്കുളം പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും തുറക്കുമ്പോൾ, പരിശീലനത്തി​ന് കൂടുതൽ പേരെത്തുമെന്ന പ്രതീക്ഷയി​ലാണ് അധി​കൃതർ. ജലാശയങ്ങളാൽ ചുറ്റപ്പെട്ട ജില്ലയാണെങ്കിലും പൊതു ജലാശയങ്ങളിൽ നീന്തൽ പഠിക്കാൻ അതത് പ്രദേശത്തിനപ്പുറമുള്ളവർ എത്തുന്നത് വിരളമാണ്. നീന്തൽക്കുളം തുറക്കുന്നതോടെ ഇതി​നു മാറ്റമുണ്ടാവുമെന്ന് കരുതുന്നു.

മുമ്പ് കുട്ടനാട്ടിൽ നൂറ് ശതമാനം പേർക്കും നീന്തൽ അറി​യാമായി​രുന്നെങ്കി​ൽ, തലമുറകൾ മാറിയതോടെ ഇതി​ൽ ഇടി​വുണ്ടായി​. ജലാശയങ്ങൾ മലിനമായതും പരിശീലനം നൽകാൻ ആളി​ല്ലാതായതുമാണ് നീന്തൽ പഠിതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകാനുള്ള കാരണം. പണ്ട് രാജാ കേശവദാസ് നീന്തൽക്കുളം പ്രവർത്തിച്ചിരുന്നപ്പോൾ സ്കൂൾ- കോളേജ് വിദ്യാർത്ഥികളടക്കമുള്ളവർ നിത്യേനേ പരിശീലനത്തിന് എത്തിയിരുന്നു. ഈ ആഴ്ച കുളം ഉദ്ഘാടനം ചെയ്യുന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ പരിശീലനങ്ങൾ പുനരാരംഭിക്കാൻ സാധിക്കും.

നീന്തൽ സി​ലബസി​ൽ മാത്രം

ആറ്റി​ലും കടലി​ലുമൊക്കെ നീന്തിക്കളിക്കുന്നതിനിടെ സംഭവിക്കുന്ന മുങ്ങിമരണങ്ങൾക്ക് കുറവി​ല്ല. വിനോദയാത്രകൾ പലപ്പോഴും ദുരന്തമായി മാറുന്നു. പാറമടകളും മണൽ വാരൽ നടക്കുന്ന നദികളുമൊക്കെ സ്ഥിരം അപകടക്കയങ്ങളാണ്. നീന്തൽ അറിയാവുന്നവർ പോലും പെട്ടുപോകുന്ന ഇടങ്ങൾ. വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തി കുട്ടികളെ പരി​ശീലി​പ്പി​ക്കുന്നതി​നെക്കുറി​ച്ച് ചർച്ചകൾ നടക്കുന്നതിനപ്പുറം സർക്കാർ തലത്തിൽ തീരുമാനം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വെള്ളത്തിലകപ്പെടുമ്പോൾ രക്ഷ നേടാൻ മാത്രമല്ല നീന്തൽ പരിശീലനം ഉപകരിക്കുന്നത്. ഏറ്റവും മികച്ച ആരോഗ്യ പരിപാലനമാർഗം കൂടിയാണത്.

പഠിപ്പിക്കാൻ ആളേറെ

യോഗ്യരായ പരിശീലകരുടെ മേൽനോട്ടത്തി​ൽ നീന്തൽ പഠിക്കാമെന്നതാണ് രാജാകേശവദാസിലെ മേന്മ. നിലവിലുള്ള പരിശീലകന് പുറമേ പരിശീലകയും ലൈഫ് ഗാർഡുമാരും കെയർ ടേക്കർമാരും ഉടൻ തന്നെ ചുമതലയേൽക്കും. മുമ്പ് ജലാശയങ്ങളിൽ രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ജോലിത്തിരക്കിലായതും ജലാശയങ്ങൾ മലിനമായതും പോരായ്‌മകളായി. ഇവയ്ക്കൊരു പരിഹാരം കൂടിയാണ് രാജാ കേശവദാസ് പൂളിലെ പ്രൊഫഷണൽ പരിശീലനം.


സംസ്ഥാനത്ത് നീന്തൽ വശമുള്ള കുട്ടികൾ: 40 ശതമാനം

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം പൂൾ യാഥാർത്ഥ്യമാകുമ്പോൾ വലിയ പ്രതീക്ഷയുണ്ട്. മക്കളെ നീന്തൽ പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടും അവസരം ലഭിക്കാത്ത രക്ഷിതാക്കൾ ഏറെയാണ്. സ്വകാര്യ റിസോർട്ടുകളിലെ നീന്തൽ പരിശീലന നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവില്ല. മിതമായ ഫീസിൽ രാജാകേശവദാസിൽ പരിശീലനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഷാജി പരമേശ്വരൻ, ആലപ്പുഴ