
മാന്നാർ: സത്യസായി ബാബയുടെ 97-ാമത് ജന്മദിനത്തോടനുബന്ധിച്ച് പ്രശാന്തി സേവാസമിതിയുടെ നേതൃത്വത്തിൽ പരുമല സിൻഡസ്മോസ് പബ്ലിക് സ്‌കൂളിൽ ലഹരിവിമുക്ത റാലിയും മയക്കു മരുന്ന് നിർമ്മാർജ്ജനവും വ്യക്തിവികാസ ബോധവത്കരണവും സംഘടിപ്പിച്ചു. പുളിക്കീഴ് എസ്.ഐ കവിരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി നായർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ മയക്കുമരുന്ന് ഉപയോഗത്തിന്റെ വിപത്തിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിനും മാന്നാർ യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.വി പ്രകാശ് വ്യക്തിവികാസ ബോധവത്കരണ ക്ലാസിനും നേതൃത്വം നൽകി.
പ്രശാന്തി സേവാ കോ-ഓർഡിനേറ്റർ എം.ഡി.സന്തോഷ് കുമാർ, സിൻഡസ്‌മോസ് പബ്ലിക് സ്‌കൂൾ മാനേജർ ജോൺ കുരുവിള, സ്‌കൂൾ സെക്രട്ടറി ഫാദർ കുര്യൻ ദാനിയൽ, കടപ്ര ഗ്രാമപഞ്ചായത്തംഗം എസ്.സോജിത്, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ആനി ജോർജ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ സജിത്ത് സജി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.