s

ആലപ്പുഴ: നഗരത്തിന്റെ വിവിധ മേഖലകളി​ൽ കേന്ദ്രീകരിച്ച ശേഷം ആലപ്പുഴ ഇ.എം.എസ് സ്റ്റേഡി​യത്തി​ലെ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊതുസമ്മേളനവേദിയി​ലേക്ക് ഒഴുകി​യെത്തി​യത് ആയി​രങ്ങൾ. നാടൻ പാട്ട് കലാകാരനും അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തി​ന്റെ വരവേല്പു കൂടി​യായതോടെ സമ്മേളനത്തി​ന് പത്തരമാറ്റ്.

നാടൻ പാട്ടിന്റെ താളത്തിനൊത്ത് വേദിയൊന്നാകെ ഇളകിമറിയവേ സമ്മേളന വേദിയിലേക്കെത്തിയ ഉദ്ഘാടകയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട് ഉൾപ്പടെയുള്ള അതിഥികൾ താളത്തിനൊപ്പം ചുവട് വെച്ചു. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, മന്ത്രി ഡോ.ആർ ബിന്ദു, സി.എസ്.സുജാത ഉൾപ്പടെയുള്ളവർ കൈകൊട്ടിയും താളം പിടിച്ചും ഒപ്പം ചേർന്നപ്പോൾ വേദിയും സദസും ഒന്നാകെ ആഘോഷത്തി​ലായി. 'സഖാക്കളെ, സഹോദരിമാരെ, വിപ്ലവാഭിവാദ്യങ്ങൾ' എന്ന് മലയാളത്തിൽ അഭിവാദ്യം ചെയ്തുകൊണ്ടാണ് വൃന്ദ കാരാട്ട് പ്രസംഗം ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയും ജാതീയതയ്ക്കെതിരെയും സ്ത്രീ വിമോചനത്തിനു വേണ്ടിയും നടത്തിയ പ്രവർത്തനങ്ങളും ആറാട്ടുപുഴ വേലായുധപ്പണിക്കർ താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിച്ച മൂക്കുത്തി സമരവും പ്രസംഗത്തിൽ അനുസ്മരിക്കപ്പെട്ടു.