
മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ സേവാശ്രമത്തിൽ നടന്ന, ഗുരുധർമ്മാനന്ദ സ്വാമിയുടെ ദിവ്യസമാധി ദിനാചരണ സമ്മേളനം ഡോ.എം.എം. ബഷീർ ഉദ്‌ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. സേവാശ്രമം ആചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഭാഗവത സപ്താഹ ആചാര്യൻ പി.കെ. വ്യാസൻ അമനകര മുഖ്യപ്രഭാഷണം നടത്തി. ആചാര്യ സുചിരാമയീദേവി ദിവ്യസമാധി സന്ദേശം നൽകി. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ കെ.ശിവരാജ്, ജോയിന്റ് സെക്രട്ടറി ആത്മാനന്ദമയി ദേവി, മുൻ പ്രസിഡന്റ് കെ.ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആചാര്യ പുരസ്കാരത്തിന് അർഹനായ സെന്റർ ഫോർ ഇൻക്ലുസീവ് ഹൂമനിസം ആചാര്യൻ സി.എച്ച്. മുസ്തഫ മൗലവിക്ക് ഗുരു ജ്ഞാനാനന്ദൻ സ്വാമി പുരസ്കാരം സമർപ്പിച്ചു. ദിവ്യസമാധി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ഹവനം, ഗുരുപൂജ, പ്രാർത്ഥന യജ്ഞം, സമൂഹ പ്രാർത്ഥന, അനുസ്മരണ സമ്മേളനം, വസ്ത്രദാനം, രാത്രി ദിവ്യസമാധി വിശേഷാൽ പൂജ എന്നിവ നടന്നു.