 
മുഹമ്മ : തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പരാധീനതകൾക്ക് നടുവിൽ. 2.5 ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനം ക്ഷേത്രത്തിൽ നിന്നുണ്ടായിട്ടും ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നാണ് വിശ്വാസികളുടെ പരാതി.
അപകടാവസ്ഥയിലായിരുന്ന ആനക്കൊട്ടിൽ അടുത്തിടെയാണ് പൊളിച്ചുമാറ്റിയത്. ഒരു കുട്ടിയുടെ ചോറൂണ് നടക്കുമ്പോൾ ആനക്കൊട്ടിലിന്റെ മേൽഭാഗം അടർന്നുവീണ് അമ്മയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് ഇത് പൊളിച്ചു മാറ്റിയത്. എന്നാൽ, പുതിയ ആനക്കൊട്ടിൽ പണിയാൻ ഇതുവരെയും നടപടിയായിട്ടില്ല. തിടപ്പള്ളിയും ജീർണാവസ്ഥയിലാണ്. ഇവിടെയാണ് നിവേദ്യങ്ങളും ക്ഷേത്രം ജീവനക്കാർക്കുള്ള ഭക്ഷണങ്ങളും ഉണ്ടാക്കുന്നത്. ദേവസ്വം കമ്മിറ്റി ഓഫീസും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ചോർന്ന് ഒലിക്കുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂര മറച്ചിരിക്കുകയാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല . കാണിക്കയായി 1 ലക്ഷം രൂപയും വഴിപാടിനത്തിൽ 1.5 ലക്ഷം രൂപയും മാസം തോറും ഇവിടെ നിന്ന് ദേവസ്വം ബോർഡിന് ലഭിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യപ്പെട്ടു ക്ഷേത്ര സംരക്ഷണ സമിതിയ്ക്ക് രൂപം നൽകി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഒരു വിഭാഗം വിശ്വാസികൾ.