
ഹരിപ്പാട് : ബൈക്കിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി തയ്യിൽ ബാബുവിന്റെ മകൻ വിഷ്ണു (30) ആണ് ബുധനാഴ്ച്ച രാവിലെ 8.30 ന് തീരദേശ റോഡിൽ ആറാട്ടുപുഴ കള്ളിക്കാട് ഭാഗത്തുണ്ടായ അപകടത്തിൽ മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വലിയഴീക്കൽ ഹാർബറിൽ നിന്ന് തൃക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്കും എതിർ ദിശയിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. ഹാൻഡിൽ ലോറിയുടെ ടയറിൽ തട്ടിയത് മൂലം ബൈക്ക് മറിഞ്ഞ് വിഷ്ണുവിന്റെ തല ലോറിയുടെ പിൻഭാഗത്തെ ഡോറിൽ ഇടിച്ചതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രശ്മി. മകൾ: ഭദ്ര (ഒന്നര വയസ് ) , മാതാവ്: സുധ. സഹോദരൻ : വിപിൻബാബു.