# ബീച്ചിനു സമീപമൊരുങ്ങുന്നു അഡ്വഞ്ചർ പാർക്ക്
ആലപ്പുഴ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ, സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ച് ബീച്ചിന് സമീപം സീ വ്യൂ പാർക്കിൽ ആരംഭിക്കുന്ന അഡ്വഞ്ചർ പാർക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. 300 ചതുരശ്ര അടി വിസ്തൃതിയുള്ള ജലാശയം പ്രധാനമായും ഉപയോഗപ്പെടുത്തിയുള്ള റൈഡുകളാണ് ഒരുങ്ങുന്നത്.
അഡ്വഞ്ചർ, അമ്യൂസ്‌മെന്റ് പാർക്കുകൾ നിർമ്മിച്ച് പരിചയമുള്ള കാക്കനാട് ആസ്ഥാനമായ ഏജ്ലെസ് എന്റർടെയ്ൻമെന്റാണ് രണ്ടര കോടി രൂപ പ്രാരംഭ മുതൽമുടക്കിൽ പദ്ധതി പ്രാവർത്തികമാക്കുന്നത്. മൂന്ന് കമ്പനികളിൽ നിന്നാണ്, ചുരുങ്ങിയ കാലയളവിൽ മികച്ച പ്രവർത്തനം നടത്താനാവുമെന്ന വിലയിരുത്തലോടെ ഏജ്ലെസ് എന്റർടെയ്ൻമെന്റ്സിന് കരാർ നൽകിയത്. അഡ്വഞ്ചർ റൈഡുകൾക്കൊപ്പം ബോട്ടിംഗ് സംവിധാനവും പാർക്കിലുണ്ടാവും. റൈഡ‌് ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലെത്തി. പെയിന്റിംഗും മതിലുകളിലടക്കം ചിത്രങ്ങൾ വരയ്ക്കുന്നതും പുരോഗമിക്കുകയാണ്. ലൈറ്റിംഗ് സംവിധാനവും പാർക്കിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനിരക്കും റൈഡുകളുടെ നിരക്കും തീരുമാനിച്ചില്ല. ഡി.ടി.പി.സിക്ക് മാസവാടക ലഭിക്കും. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 20നകം പാർക്ക് തുറക്കാനാണ് ശ്രമം നടക്കുന്നത്.
# ഏറെയുണ്ട് ഉല്ലസിക്കാൻ
റോപ്പ് സൈക്കിൾ, സിപ് ലൈൻ, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ഫിഷ് സ്പാ, കാർണിവൽ ഗെയിമുകൾ, പെഡൽ ബോട്ടുകൾ, റോവിംഗ് ബോട്ടുകൾ,
ഫ്ലോട്ടിംഗ് ഷോപ്പുകൾ, ലേസർ ഷോ, ലഘു ഭക്ഷണശാലകൾ
..................................
പാർക്കിന്റെ മുതൽ മുടക്ക്: 2.5 കോടി രൂപ
...............................
സാഹസിക ഇനങ്ങളില്ലെന്ന ആലപ്പുഴയുടെ പോരായ്മയ്ക്ക് പരിഹാരമാവുകയാണ്. ജലവുമായി ബന്ധപ്പെട്ട റൈഡുകളാണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സംരംഭകരാണ് പദ്ധതി പ്രാവർത്തികമാക്കുന്നതെങ്കിലും ഡി.ടി.പി.സിയുടെ പരിപൂർണ നിയന്ത്രണത്തിലാവും പ്രവർത്തനം
ലിജോ എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി