ph
അതി​ർത്തി​ച്ചി​റ സാംസ്കാരി​ക കേന്ദ്രത്തി​ന്റെ ദുരവസ്ഥയെപ്പറ്റി​ കഴി​ഞ്ഞ ദി​വസം കേരളകൗമുദി പ്രസി​ദ്ധീകരി​ച്ച വാർത്ത

കായംകുളം: കാടുപിടിച്ച് കിടക്കുന്ന കായംകുളം കൃഷ്ണപുരം അതി​ർത്തി​ച്ചി​റ സാംസ്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ മൂന്നു കോടി അനുവദിച്ച് ടെണ്ടർ ചെയ്തതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കേന്ദ്രത്തിന്റെ അവസ്ഥയെപ്പറ്റി കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

498 മീറ്റർ ചുറ്റുമതിൽ, മതിലിൽ സ്റ്റീൽ വർക്കുകൾ, ക്ലാഡിംഗ്, ആറ് മീറ്റർ ഉയരത്തിൽ കമാനങ്ങൾ, ഗേറ്റുകൾ, കമാനത്തിൽ മ്യൂറൽ പെയിന്റിംഗ്സ്, ആർട്ട് വർക്കുകൾ, 328 മീറ്റർ ഡ്രെയിനേജ്, കുളത്തിന് ചുറ്റും ഇന്റർലോക്ക് പാകൽ, കോമ്പൗണ്ട് ലവലിംഗ്, ടർഫ് എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചുറ്റുമതിലും കമാനവും രൂപകല്പന ചെയ്തിരിക്കുന്നത് ആറൻമുള വാസ്തു വിദ്യാഗുരുകുലമാണ്.

തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയിൽ നിന്നു ടണൽ മാർഗ്ഗം ഒഴുകിയെത്തുന്ന വലിയ അളവിലുള്ള വെള്ളം സാംസ്കാരിക വിനോദ കേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു. ഡ്രെയിനേജിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. അഡ്വഞ്ചർ ടൂറിസത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വെള്ളക്കെട്ട് തടസമായിരുന്നു.

സാംസ്കാരിക വകുപ്പിന്റെ അധീനതയിലായിരുന്ന കൃഷ്ണപുരം സാംസ്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ജില്ല ടൂറിസം പ്രോമോഷൻ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ജലകേളി വിനോദങ്ങൾ അടക്കമുള്ള പാർക്കായി ഏറ്റെടുത്ത് നടത്തുന്നതിലേക്ക് സ്വകാര്യ സംരംഭകരെ ക്ഷണിക്കാനുള്ള നടപടികളിലാണ് ഡി.ടി.പി.സി.

50 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രത്തിൽ കൃത്രിമ തടാകം നിർമ്മിച്ചത്. 3 കോടി രൂപ ചെലവഴിച്ച് തടാകത്തിന് ചുറ്റും കൽപ്പടവുകൾ, നടപ്പാത, സൈക്ലിംഗ് ട്രാക്ക്, ഓപ്പൺ ഗാലറി, ഓഫീസ് കെട്ടിടങ്ങൾ, മണ്ഡപങ്ങൾ, പടനായകന്റെ പ്രതിമ എന്നിവ സ്ഥാപിച്ചു. കൂടാതെ 15 ലക്ഷം ചെലവിട്ട് ഒരു ഓപ്പൺ സ്റ്റേജും 23 ലക്ഷം ചെലവിൽ കെ.പി.എ.സി സുലോചനയുടെ നാമധേയത്തിൽ ഒരു ഗ്രന്ഥശാലയും സ്ഥാപിച്ചിരുന്നു. ഇവയെല്ലാം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.

ഇപ്പോൾ ടെൻഡർ ചെയ്തിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമ്പോൾ സാംസ്കാരിക-ടൂറിസം പദ്ധതികൾ പൊതുജനങ്ങൾക്ക് ആകർഷകമാകുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാവും

യു. പ്രതിഭ എം.എൽ.എ