ആലപ്പുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ഏർപ്പെടുത്തിയ വൺവേ സംവിധാനം ആദ്യ ദിനങ്ങളിൽ ആകെ വട്ടം ചുറ്റിച്ചു. ജില്ലാ കോടതി പാലത്തിന്റെ തെക്കേക്കരയിൽ നിന്നു കോടതി റോഡിലേക്കുള്ള പ്രവേശനം നിരോധിച്ചതറിയാതെ എത്തുന്ന യാത്രക്കാരാണ് വലയുന്നത്. മുല്ലയ്ക്കൽ ഭാഗത്ത് നിന്ന് വരുന്നവർ ജില്ലാ കോടതി പാലം കയറാതെ വൈ.എം.സി.എ പാലം കയറി വേണം അക്കരെയെത്താൻ. റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനം ഇനിയും അറിഞ്ഞിട്ടില്ലാത്ത ധാരാളം പേരുണ്ട്. ഹോം ഗാർഡുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് യാത്രക്കാരെ വഴി തിരിച്ചുവിടുന്നത്. ഗാർഡുകളുടെ അംഗബലം കുറവായത് ക്രമീകരണത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്.
ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം പല സ്വകാര്യ ബസുകളും കാര്യമായെടുത്തിട്ടില്ല. നഗരസഭ ബോർഡുകൾ സ്ഥാപിച്ചെങ്കിലും മുൻപ് നിറുത്തിയിരുന്ന അതേ സ്ഥലങ്ങളിൽ തന്നെയാണ് ബസുകളുടെ സ്റ്റോപ്പ് തുടരുന്നത്. യാത്രക്കാർ നിൽക്കുന്നതും പഴയ ഇടങ്ങളിൽ തന്നെയാണ്. നഗരത്തിൽ ആലുക്കാസ് ജംഗ്ഷന് കിഴക്ക് വശത്തുള്ള ബസ് സ്റ്റോപ്പ് അൽപ്പം കൂടി തെക്കോട്ട് മാറ്റിയിട്ടും കാര്യങ്ങൾ പഴയപടി തുടരുകയാണ്. തിരുവമ്പാടി, കല്ലുപാലം, ഇരുമ്പുപാലം, വെള്ളക്കിണർ, ജില്ലാ കോടതിക്ക് സമീപം തുടങ്ങി സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചെങ്കിലും പ്രതിഫലിക്കുന്നില്ല.
# മാറ്റമുണ്ട്, നേരിയ തോതിൽ
ഗതാഗത പരിഷ്കാരം ആദ്യ ദിവസങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്കൂൾ സമയത്തെ തിരക്കിനടക്കം ശമനം വരുത്തിയെന്നാണ് വിലയിരുത്തൽ. രാവിലെ 10 വരയെും വൈകിട്ട് 3.30 മുതൽ 5 വരെയും വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും നിരത്തുകളിൽ നിറയുമ്പോൾ, ഇടുങ്ങിയ ജില്ലാ കോടതി പാലത്തിൽ വലിയ കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. വൺ വേ പ്രവാർത്തികമായതോടെ കുരുക്ക് സാവധാനം അഴിയുന്നുണ്ട്.
പരിഷ്കാരത്തിന്റെ ഗുണം ആദ്യ ആഴ്ച പരിശോധിക്കും. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. വൺ വേ സംവിധാനം സംബന്ധിച്ച സൈൻ ബോർഡുകൾ ഉടൻ സ്ഥാപിക്കും
ട്രാഫിക് പൊലീസ്, ആലപ്പുഴ