ആലപ്പുഴ: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശത്തോടെ അന്താരാഷ്ട്ര ദിനാചരണ കാമ്പയിൻ ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലി കളക്ടർ വി.ആർ. കൃഷ്ണ തേജ ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കാമ്പയിന്റെ ഭാഗമായി, മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെയുള്ള 16 ദിവസങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സന്നദ്ധ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സ്‌കൂൾ കൗൺസിലർമാർ, സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾ എന്നിവരാണ് റാലിയിൽ അണിനിരന്നത്. കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വനിത ശിശുവികസന ഓഫീസർ എൽ.ഷീബ, വനിത സംരക്ഷണ ഓഫീസർ ആർ.സൗമ്യ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, ജില്ല പ്രോഗ്രാം ഓഫീസർ ജെ.മായ ലക്ഷ്മി എന്നിവർ പങ്കെടുത്തു.