ചേർത്തല: വായനശാലയിലേയ്ക്കുള്ള വഴി തടസപ്പെടുത്തി അനധികൃത നിർമ്മാണമെന്നു പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറയിൽ 1950 കളിൽ പ്രവർത്തനം ആരംഭിച്ച പത്മ ലൈബ്രറിയിലേക്കുള്ള വഴിയാണ് വ്യക്തി തടസപ്പെടുത്തിയത്.
എ.കെ.ആന്റണി എം.പി ആയിരിക്കെ 2012 ൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച്, കഞ്ഞിക്കുഴി പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണ് ഇരു നിലയിൽ ഗ്രന്ഥശാല നിർമ്മിച്ചത്. കേരള ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്ത് സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്നതാണ് പത്മ ലൈബ്രറി. തണ്ണീർമുക്കം, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, ചേർത്തല നഗരസഭ പ്രദേശങ്ങളിലുള്ളവർ ഇവിടെ അംഗങ്ങളാണ്. 1995ൽ വായനശാല അധികൃതരുടെ അപേക്ഷയെ തുടർന്ന് സ്ഥലം അനുവദിച്ച് നൽകിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തയെ തുടർന്ന് കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2011ലാണ് നിർമ്മാണം ആരംഭിച്ചത്. 2012ൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു സ്ഥലം അനുവദിച്ചു നൽകിയത്.
ദേശീയ പാത സ്ഥലമെടുപ്പിന് മുമ്പ് ലൈബ്രറിക്ക് മുന്നിൽ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഒരു ബങ്കും ഇക്കോ ഷോഷും മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലം ഏറ്റെടുത്ത ശേഷം ഈ രണ്ട് കെട്ടിടങ്ങളും പിന്നിലേക്കു വന്നു. ഇതിൽ ഇക്കോ ഷോപ്പ് നിലവിൽ ഉണ്ടായിരുന്നതിനേക്കാൽ വലിപ്പത്തിലാണ് നിർമ്മിച്ചതെന്ന ആക്ഷേപമുണ്ട്. ഇതിനിടെയാണ് അനുമതിയില്ലാതെ പുതിയ കെട്ടിടം വായനശാലയ്ക്ക് മുന്നിലായി നിർമ്മിക്കുന്നത്. ഈ കെട്ടിടം വന്നതോടെ കാർ ഉൾപ്പെടെ കയറിവന്നിരുന്ന വഴി കാൽനട വഴിയായി ചുരുങ്ങി. വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിർമ്മാണം അനധികൃതമാണെന്ന് ബോദ്ധ്യപ്പെട്ടു. പൊളിച്ചു നീക്കാൻ സെക്രട്ടറി കത്ത് നൽകും.
ഗീത കാർത്തികേയൻ,
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്