ആലപ്പുഴ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വാതിൽപ്പടി സേവനം നൽകുന്ന ഹരിതകർമ്മസേന മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. എല്ലാ മാസവും വീടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കേണ്ടതിന് പകരം രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമാണ് വരുന്നതെന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതുനിരത്തിൽ കൂട്ടിയിടുന്നു എന്നുമാണ് പരാതി.
മണ്ണഞ്ചേരി വലിയ കലവൂരിൽ റോഡിന് ഇരുവശങ്ങളിലും കൂട്ടിയിട്ട മാലിന്യ ചാക്കുകൾ ഗതാഗത തടസവും ഉണ്ടാക്കുന്നു. ഈ മേഖലകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യവും രൂക്ഷമാണ്. മാലിന്യങ്ങൾ ദിവസങ്ങളോളം കൂട്ടിയിടുമ്പോൾ ഇതിൽ നിന്നു പുറത്തുവരുന്ന ഒച്ചുകൾ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഹരിത കർമ്മ സേന തരം തിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ നിരത്തുകളിൽ കൂട്ടിയിടുമ്പോൾ, മാലിന്യ നിക്ഷേപ കേന്ദ്രമെന്ന് കരുതി മറ്റുള്ളവരും ഇവിടെ മാലിന്യം നിക്ഷേപിക്കാറുണ്ട്. ഇറച്ചി മാലിന്യം ഉൾപ്പെടെ തള്ളുന്നത് ദുർഗന്ധം വമിപ്പിക്കുന്നുണ്ട്.
ഒരു വാർഡിൽ രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെയാണ് നിയോഗിക്കുന്നത്. മാലിന്യ ശേഖരണത്തിന് പുറമേ, തെറ്റായ രീതിയിൽ സംസ്കരണം നടത്തുന്നവരുടെ വിവരം ശേഖരിക്കേണ്ടതും മറ്റുള്ളവർക്ക് ബോധവത്കരണം നൽകേണ്ടതും സേനാംഗങ്ങളാണ്.
# ചുമതലകൾ
1. ഉറവിടത്തിൽ തരംതിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം
2. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കൽ
3. വിവരശേഖരണം, ബോധവത്കരണം
മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാൻ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എന്നാൽ മാലിന്യം സംസ്കരണത്തിന് എത്തിക്കാതെ പൊതുനിരത്തിൽ കൂട്ടിയിടുന്ന മനോഭാവം ശരിയല്ല. ചാക്കുകെട്ടുകൾ കിടക്കുന്നതു കണ്ട് മറ്റുള്ളവരും പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാനെത്തുന്നു
പ്രദേശവാസികൾ, വലിയകലവൂർ