മാവേലിക്കര: പുതിയകാവ് മുതൽ ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് പതിവാകുന്നു. കലുങ്ക് നിർമ്മാണത്തിനായി പ്രധാന പാത അടച്ചിരിക്കുന്ന ഇവിടെ ഗതാഗതം സമീപത്തെ താത്കാലിക റോഡിലൂടെ തിരിച്ചു വിട്ടിട്ടുണ്ടെങ്കിലും വാഹനങ്ങൾ കുരുങ്ങി വലയുകയാണ്.
നിർമ്മാണം നടക്കുന്ന റോഡിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
തട്ടാരമ്പലം- പന്തളം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയകാവ് ചന്തയ്ക്ക് സമീപമുള്ള കലുങ്കാണ് പൂർണമായി പൊളിച്ചു നവീകരിക്കുന്നത്. പൊളിച്ച കലുങ്കിനു സമീപത്തു കൂടി താത്കാലിക റോഡ് ക്രമീകരിച്ച് ഇതുവഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇവിടെ റോഡിനിരുവശത്തും ഓടയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണുള്ളത്. എന്നാൽ ഈ ഭാഗത്ത് വഴിയോരക്കച്ചവടക്കാരുടെ തിരക്കാണ്. വഴിയോര കച്ചവടക്കാർ റോഡ് കയ്യേറുന്നത് കാരണം ഗതാഗതം സുഗമമായി നടക്കുന്നില്ല.
ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും വഴി മുടക്കിയുള്ള വഴിയോരക്കച്ചവടങ്ങൾ പൊടിപൊടിക്കുകയാണ്. പ്രവൃത്തിദിവസങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഒരു ഭാഗത്തേക്ക് ജില്ലാ ആശുപത്രി, കോളേജ് എന്നിവടിങ്ങളിലേക്കുള്ള വാഹനങ്ങളും തിരികെ പന്തളം, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്ന് മാവേലിക്കരയ്ക്ക് വരുന്ന വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ വഴിയോര കച്ചവടം അതിരുവിട്ട നിലയിലാണ്.
# കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കരയംവട്ടം മുതൽ പുതിയകാവ് വരെ മണിക്കൂറുകൾ നീളുന്ന കുരുക്കാണ് മിക്ക ദിവസവും ഉണ്ടാവുന്നത്. ഓട നിർമാണം നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ മുൻപെന്നപോലെ സുഗമമായി കടന്നു പോകാത്ത സ്ഥിതിയുണ്ട്. ജില്ലാ ആശുപത്രി ജംഗ്ഷൻ മുതൽ തുടങ്ങുന്ന വഴിയോര കച്ചവടക്കാരുടെ കുരുക്കുകൂടി വരുമ്പോൾ ഗതാഗതം പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയാണ്. വഴിയോര കച്ചവടക്കാരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.