കൊല്ലം: വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റിംഗ് തർക്കത്തിന്റെ പേരി​ൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനിൽ പ്രജീഷിനെ (28) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശിയായ അച്ചുവിനാണ് മർദ്ദനമേറ്റത്. ഒന്നാം പ്രതി ഓടനാവട്ടം തുറവൂർ മുറിയിൽ രാഹുൽ ഭവനിൽ രാഹുലിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അച്ചുവും രാഹുലും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിംഗ് തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്. ആഗസ്റ്റ് ഒന്നിന് പകൽ 11.30 ഓടെ കരുനാഗപ്പള്ളി വിജയ ബാറിന് സമീപം ഇരുവരും ചേർന്ന് അച്ചുവിനെ മർദ്ദിക്കുകയും കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രജീഷ് വീട്ടിലെത്തിയെന്ന രഹസ്യ വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ സുജാതൻ പിള്ള, ശ്രീകുമാർ, റസൽ ജോർജ് എ.എസ്.ഐമാരായ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.