ആലപ്പുഴ: പരിമിത സാഹചര്യങ്ങളോടു പൊരുതി ഇന്നലെ റവന്യു ജില്ല കായികമേള അവസാനിച്ചപ്പോൾ, 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പോലുമില്ലാത്ത ഏക ജില്ലയെന്ന പേരുദോഷം മാത്രം മിച്ചം!
1500 മീറ്റർ ഓട്ടമത്സരം പൂർത്തിയാക്കണമെങ്കിൽ ഏഴ് റൗണ്ടിലധികമാണ് കുട്ടികൾ ഓടേണ്ടിവന്നത്. ഇ.എം.എസ് സ്റ്റേഡിയം നവീകരണം പൂർത്തിയായാൽ വിഷയങ്ങൾക്കെല്ലാം പരിഹാരമാവും. അടുത്ത മാസം സ്റ്റേഡിയത്തിന്റെ പൂർത്തീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം താരങ്ങൾക്കും കായിക പ്രേമികൾക്കും പ്രതീക്ഷ പകരുകയാണ്. സ്ഥലം സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായുണ്ടായിരുന്ന കേസ് തള്ളിയതോടെയാണ് രണ്ടാം ഘട്ട ടെണ്ടറിന് വഴിയൊരുങ്ങിയത്.
10.5 കോടിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുക. സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകൾക്കും ഫീൽഡിൽ ഉന്നത നിലവാരത്തിലുള്ള പുല്ല് വച്ചുപിടിപ്പിക്കലിനും 4.5 കോടിയുടെ ടെണ്ടറാണ് ആദ്യ ഘട്ടത്തിലുള്ളത്. അന്തർദേശീയ നിലവാരത്തിൽ ട്രാക്ക് സ്ഥാപിക്കാനാണ് അടുത്ത 6 കോടിയുടെ ടെണ്ടർ. നിയമപ്രശ്‌നങ്ങൾ മൂലം കാലതാമസമുണ്ടായപ്പോൾ പദ്ധതിച്ചെലവ് അധീകരിച്ചു. ഇതോടെ കിഫ്ബിയിൽ അപേക്ഷ സമർപ്പിച്ചാണ് അധിക തുക അനുവദിപ്പിച്ചത്. നിലവിൽ സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല എന്നിവയാണ് സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
# ഇതാണ് ഇ.എം.എസ് സ്റ്റേഡിയം
2006ൽ നിർമ്മാണം ആരംഭിച്ചു
2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു
വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിൽ
ഫുട്ബാൾ മൈതാനം, ലോംഗ്ജമ്പ് പിറ്റുകൾ, കായിക താരങ്ങൾക്കുള്ള താമസസൗകര്യം
...............................
# ഇനി വേണ്ടത്
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ
...............................
# സമരത്തിന്റെ ഫലം
കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്റ്റേഡിയം നിർമ്മാണത്തിന് പുതുജീവൻ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ജില്ലാ സ്പോർട്സ് കൗൺസിൽ. ഒളിമ്പ്യൻമാരെയും കായികതാരങ്ങളെയും അടക്കം അണിനിരത്തി തദ്ദേശസ്ഥാപനത്തിനെതിരെ സമരം നടത്തിയ ചരിത്രമുണ്ട് ആലപ്പുഴയിലെ സ്പോർട്സ് കൗൺസിലിന്. തങ്ങളുൾപ്പെടെ നടത്തിയ പോരാട്ടം വിജയം കണ്ടതിന്റെ അഭിമാനത്തിലാണ് കായികപ്രേമികൾ ഒന്നാകെ.
ഇനി സ്റ്റേഡിയം നിർമ്മാണം ആരംഭിച്ച് പൂർത്തിയാകുംവരെ ആകാംക്ഷാപൂർവമായ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ആലപ്പുഴയുടെ കായികലോകത്തിന് പുതുജീവൻ ലഭിക്കുകയാണ്. സ്പോർട്സ് കൗൺസിലിന്റെ കൂടി പോരാട്ടത്തിന്റെ ഫലമാണ് സ്റ്റേഡിയം നിർമ്മാണം
വി.ജി.വിഷ്ണു, ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്