s

# സ്കൂളുകളി​ൽ ചാമ്പ്യൻഷി​പ്പ് ആലപ്പുഴ ലിയോ തേർട്ടീന്തി​ന്

മുഹമ്മ: റവന്യു ജില്ല കായികമേളയിൽ ആതിഥേയരായ ചേർത്തല ഉപജില്ലയെ ബഹുദൂരം പിന്നിലാക്കി ആലപ്പുഴ ഉപജില്ല തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. 98 ഇനങ്ങളിൽ നിന്ന് ആലപ്പുഴ ഉപജില്ല 44 സ്വർണവും 29 വെള്ളിയും 22 വെങ്കലവും സ്വന്തമാക്കി 375 പോയന്റു നേടി. 29 സ്വർണവും 33 വെള്ളിയും 24 വേങ്കലവുമായി 298 പോയിന്റാണ് ചേർത്തലയുടെ സമ്പാദ്യം.

ആറു സ്വർണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 88 പോയിന്റോടെ തുറവൂർ മൂന്നാമതെത്തി. 11 സ്വർണവും മൂന്നു വെള്ളിയും 14 വെങ്കലവുമടക്കം 80 പോയിന്റോടെ മാവേലിക്കരയാണ് നാലാം സ്ഥാനത്ത്.

13 സ്വർണവും 14 വെള്ളിയും നാലു വെങ്കലവുമടക്കം 111 പോയിന്റു നേടിയ ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂൾ തുടർച്ചയായി മൂന്നാം തവണയാണ് കിരീടം നേടുന്നത്. എട്ടു സ്വർണവും ഒമ്പതു വെള്ളിയും മൂന്നു വെങ്കലവുമടക്കം 70 പോയിന്റുമായി ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. എട്ടു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 55 പോയിന്റുനേടിയ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ് മൂന്നാമതെത്തി.
മുഹമ്മ മദർതെരേസ ഹൈസ്കൂകൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ദലീമജോജോ എം.എൽ.എ നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് കുറുപ്പശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.ടി.റെജി, സിന്ധു രാജീവ്, കോ ഓർഡിനേറ്റർ വി.വിജു,ജോസഫ് ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.