അമ്പലപ്പുഴ: ദേശീയപാതയോരത്ത് ജെ.സി.ബി ഉപയോഗിച്ച് മരം പിഴുതു മാറ്റുന്നതിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ.
കരൂർ, പഴയങ്ങാടി, പുത്തൻ നട, പഴയ പഞ്ചായത്ത് ഓഫീസ്, മുരുക്കുവേലി തുടങ്ങി ദേശീയപാതയുടെ കിഴക്കുഭാഗങ്ങളിലാണ് ജെ.സി.ബി ഉപയോഗിച്ച് മരം പിഴുന്നതിനിടെ വ്യാപകമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ളം ഒഴുകി പല ഭാഗങ്ങളിലും കെട്ടിക്കികിടന്ന് കുളമായി മാറി. പുറക്കാട് പഞ്ചായത്ത് 5, 16 വാർഡുകളിലും ഇതേ സ്ഥിതിയാണ്. പൊട്ടുന്ന പൈപ്പുകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിട്ടിറി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിനാൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. പല സ്ഥലങ്ങളിലും ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് ക്ഷാമത്തിന് താത്കാലിക പരിഹാരം കാണുന്നത്. വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കളക്ടർ ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.