 
മാന്നാർ: അങ്കണവാടികളിലൂടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് മാന്നാർ ഗ്രാമപഞ്ചായത്ത്. 25 ചെടിച്ചട്ടികളും അതിനാവശ്യമായ നടീൽ മിശ്രിതങ്ങളും തൈകളും ഓരോ അങ്കണവാടിക്കും നൽകിപഞ്ചായത്തിലെ 28 അങ്കണവാടികളിലും പദ്ധതി നടപ്പാക്കും.
മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, കൃഷി ഭവൻ, കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മാന്നാർ അസി.എൻജിനീയറുടെ കാര്യാലയം, പെർഫോമൻസ് ഓഡിറ്റ് എന്നിവരുടെ കൂട്ടായ്മ പഞ്ചായത്ത് ഓഫീസ് വളപ്പിൽ ചെടിച്ചട്ടികളിൽ കൃഷിചെയ്ത് വിജയിച്ച ഹരിതജീവനം പദ്ധതിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അങ്കണവാടികളിലേക്ക് പച്ചക്കറി കൃഷി എത്തിക്കുന്നത്. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി, ഹരിത ജീവനം പദ്ധതി എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കിയ മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ തന്നെയാണ് അങ്കണവാടികളിലെ ചെടിച്ചട്ടി കൃഷിയുടെ പിന്നിലും. ഒരു അങ്കണവാടിക്ക് ചെലവാകുന്ന 4,000 രൂപയിൽ 3,000 രൂപ പഞ്ചായത്തും 1,000 രൂപ പി.ടി.എ വഴിയോ സ്പോസർമാർ മുഖേനയോ കണ്ടെത്തും.
# പ്ലാസ്റ്റിക് ഗ്രോ ബാഗുകളില്ല
പ്ലാസ്റ്റിക് ഗ്രോബാഗുകളിലെ പച്ചക്കറികൃഷി നിരുത്സാഹപ്പെടുത്തി സംസ്ഥാന സർക്കാർ ചെടിച്ചട്ടികളിലെ കൃഷിരീതിയാണ് പ്രചരിപ്പിക്കുന്നത്. മാന്നാർ ഗ്രാമപഞ്ചായത്തിലും പ്രാരംഭ നടപടികൾ ആരംഭിച്ചു. അപേക്ഷ നൽകി 2000 രൂപ ഉപഭോക്‌തൃവിഹിതം അടച്ച 40 കർഷകർക്ക് ചെടിച്ചട്ടികളും നടീൽ മിശ്രിതങ്ങളും തൈകളും കൃഷിഭവനിലൂടെ വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയിൽ 20 പേർക്ക് വിതരണം ചെയ്യാനുള്ള ചട്ടികൾ എത്തിച്ചിട്ടുണ്ട്. സ്ഥലപരിമിതിമൂലം കൃഷി ചെയ്യാൻ കഴിയാത്ത നിരവധിപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വിഷരഹിത പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ വ്യാപനത്തോടൊപ്പം പ്ലാസ്റ്റിക് ഗ്രോബാഗുകളുടെ ഉപയോഗം ഇല്ലാതാക്കാനും ചെടിച്ചട്ടികളിലെ കൃഷിരീതിക്ക് കഴിയും
ടി.വി. രത്നകുമാരി, പ്രസിഡന്റ് മാന്നാർ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഓഫീസ് വളപ്പിൽ കൃഷി ചെയ്ത് വിജയിച്ച ഹരിതജീവനം പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതി അങ്കണവാടികളിൽ നടപ്പാക്കിയാൽ പഞ്ചായത്തിലെ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കും
പി.സി. ഹരികുമാർ, കൃഷി ഓഫീസർ, മാന്നാർ