ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് കെ.എസ്.ടി.പിയുടെ അനുമതി ലഭിക്കാത്തതിനാൽ എ-സി റോഡ് നവീകരണത്തിന്റെ പൂർത്തീകരണം ഇനിയും വൈകും. നിർമ്മാണത്തിന് ആവശ്യമായ അധിക തുക മന്ത്രിസഭ അനുവദിച്ച് നൽകുന്നതിലുള്ള കാലതാമസവും തുടർ പ്രവർത്തനങ്ങൾക്ക് വിനയായി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം നിർമ്മാണം ദേശീയ ജലപാത അതോറിട്ടി തടഞ്ഞത്. അതോറിട്ടിയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന പേരിലായിരുന്നു നടപടി. തുടർന്ന് പുതുക്കി സമർപ്പിച്ച ഡിസൈന് അതോറിട്ടി അനുമതി നൽകി. പക്ഷേ, 10 മാസം നിറുത്തി വച്ച പൈലിംഗ് ജോലികൾ പുനരാരാംഭിച്ചില്ല. നിലവിലെ പാലത്തിന് സമാന്തരമായി അതേ നീളത്തിലും വീതിയിലുമുള്ള ഡിസൈൻ നൽകിയതോടെയാണ് അനുമതി ലഭിച്ചത്.
ദേശീയ ജലപാതയ്ക്ക് കുറകെ നിർമ്മാണ ജോലികൾ നടത്തുമ്പോൾ ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങണമെന്നത് പാലിച്ചിരുന്നില്ല. രണ്ട് ബാർജുകൾക്ക് ഒരസമയം കടന്നു പോകാനുള്ള വീതിയിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചാണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. അപ്രോച്ച് റോഡിന്റെയും സമീപ പാതയുടെയും ഉയരം കൂട്ടിയാണ് നിർമ്മാണം. പുതിയ പാലം നിർമ്മിക്കാൻ സി.ഒ.എസ് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മുൻഗണന പട്ടികയിലുള്ള റോഡുകളിൽ ഒന്നാണ് എ-സി റോഡ്.
സി.ഒ.എസിന് അംഗീകാരം ലഭിച്ചാൽ അടുത്തമാസം പൈലിംഗ് ജോലികൾ പുനരാരംഭിക്കും
പൊതുമരാമത്ത് വകുപ്പ്