മാന്നാർ: കഥ-തിരക്കഥ മേഖലയിൽ നിന്നും സംവിധായകന്റെ കുപ്പായമിട്ട മാന്നാർ തറയിൽ പള്ളത്ത് റാഫി ബക്കറിന് മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ്. വടക്കൻ കേരളത്തിലെ കാലഹരണപ്പെട്ട അനുഷ്ഠാന കലയെ ഇതിവൃത്തമാക്കി നിർമ്മിച്ച അലാമി എന്ന ഡോക്യുമെന്ററിയിലൂടെയാണ് റാഫി ബക്കറിന് 2021 ലെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നത്. ആറുവിരലുകൾ എന്ന ചലച്ചിത്രത്തിന്റെ കഥ-തിരക്കഥ നിർവഹിക്കുകയും നിരവധി കുട്ടികളുടെ സിനിമകൾ, സീരിയലുകൾ, ഹ്രസ്വ ചിത്രങ്ങൾ എന്നിവക്ക് തൂലിക ചലിപ്പിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള റാഫി ബക്കർ പുതിയ രണ്ട് സിനിമകൾക്കായി കഥയുടെ പണിപ്പുരയിലാണ്.പരേതരായ റിട്ട.അദ്ധ്യാപകൻ മാന്നാർ തറയിൽ പള്ളത്ത് മൊയ്തീൻ കുഞ്ഞിന്റെയും ലത്തീഫാ ബീവിയുടെയും മകനായ റാഫി ബക്കർ ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതി ചെറുപ്പത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. റീനയാണ് ഭാര്യ. അഡ്വ.റിസാന, ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മുഹ്സിന എന്നിവർ മക്കളാണ്.