dili-umar
ഖത്തർ കോർണിഷിൽ ഫിഫ വാളന്റിയറായി ദിലി ഉമർ

മാന്നാർ: ലോകകപ്പ് ഫുടബോൾ മാമാങ്കം നടക്കുന്ന ഖത്തറിൽ ഫിഫ വോളണ്ടിയർ പ്രോഗ്രാമിൽ ഒരംഗമായി മാന്നാർ സ്വദേശിയും. മാന്നാർ ആലുംമൂട് ജംഗ്‌ഷന്‌ പടിഞ്ഞാറു രാജ കോട്ടേജിൽ ഉമ്മർകുട്ടിയുടെയും അലീമയുടെയും മകനായ ദിലി ഉമറിനാണ്(35) ഖത്തറിൽ ഫിഫ വോളന്റിയറായി സേവനം ചെയ്യാൻ നിയോഗം ലഭിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങൾ, പരിശീലന സൈറ്റുകൾ, എയർപോർട്ട്, ഫാൻ സോണുകൾ, ഹോട്ടലുകൾ, പൊതുഗതാഗത കേന്ദ്രങ്ങൾ തുടങ്ങിയ ഔദ്യോഗിക, അനൗദ്യോഗിക സൈറ്റുകളിലായി 45 പ്രവർത്തന മേഖലകളിലായി 20,000 വോളന്റിയർമാരിൽ ഒരാളായ ദിലി ഉമർ 11 വർഷമായി ഖത്തറിൽ ജോലി ചെയ്യുകയാണ്. ഒരു ഇ-ട്രെയിനിങ്ങും രണ്ട് ഫിസിക്കൽ ട്രെയിനിങ്ങിനും ശേഷമാണ് സന്നദ്ധസേവന പാതയിലേക്കിറങ്ങിയത്. ആയിരത്തോളം മലയാളികളെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്കായി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. മലയാളി വാളണ്ടിയർമാരുടെ കൂട്ടായ്മയായ ഖത്തർ മല്ലു വാളണ്ടിയേഴ്‌സ് എന്നൊരു ഗ്രൂപ്പും നിലവിലുണ്ട്. ഖത്തർ കോർണീഷിലും അതിനടുത്തുള്ള 974 സ്റ്റേഡിയത്തിലും എത്തുന്ന കാണികൾക്കും കളിക്കാർക്കും ആവശ്യമായ വിവരങ്ങൾ നൽകുകയും ഫിഫയുടെ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന ആക്ടിവേഷൻ ടീമംഗമാണ് ഖത്തർ എയർപോർട്ടിൽ എൻജിനീയറായ ഈ ചെറുപ്പക്കാരൻ. മാന്നാർ നായർ സമാജം സ്‌കൂളിന് സമീപമുള്ള ദി ഷേക്ക് സ്ഫിയർ എന്ന പ്രീമിയം കഫെയുടെ ഉടമ കൂടിയായ ദിലി ഉമർ കുടുംബ സമേതം ഖത്തറിലാണ്. ഭാര്യ ഷഹനാസ് കരീം ഖത്തറിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. വിദ്യാർത്ഥികളായ ഷായാൽ മറിയം ദിലി, സിധ്ര സൈനബ് ദിലി, രണ്ടുമാസം പ്രായമായ ഷാസിൽ ആലം ദിലി എന്നിവരാണ് മക്കൾ.