parithoshika-banar

മാന്നാർ: റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടാൽ വാർഡ് മെമ്പറെ വിവരം അറിയിക്കുക, മെമ്പർ വക പാരിതോഷികം ലഭ്യമാകും. മാന്നാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വാർഡ് മെമ്പർ അജിത് പഴവൂറാണ് 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടമ്പേരൂർ നാലേകാട്ടിൽ-കുറ്റിത്താഴ്ച്ചയിൽ റോഡിലാണ് മാലിന്യ കള്ളൻമ്മാരുടെ വിളയാട്ടം. ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ബാനറുകൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. പുല്ലുകൾ വളർന്ന് സഞ്ചാരം ബുദ്ധിമുട്ടായ റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കിയപ്പോഴാണ് മാലിന്യ ചാക്ക് കെട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇത് വാർഡിനു പുറത്തുനിന്നും കൊണ്ടുവന്ന് ഇടുന്നതാണെന്ന് പരിസരവാസികൾ പറയുന്നത്. ഇത്തരം മാലിന്യം തള്ളുന്നവരുടെ വ്യക്തമായ ദൃശ്യങ്ങൾ പകർത്തി വാർഡ് മെമ്പർ അജിത് പഴവൂരിന്റെ 9447033720 എന്ന നമ്പറിലേക്ക് വാട്സപ്പ് സന്ദേശം അയക്കുന്നവർക്ക് മെമ്പറുടെ ഓണറേറിയത്തിൽ നിന്നും 2000 രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യ നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡിന്റെ ഇതരഭാഗങ്ങളിലും ബാനറുകൾ സ്ഥാപിച്ച് പദ്ധതി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അജിത് പഴവൂർ പറഞ്ഞു.