
അമ്പലപ്പുഴ: സുമനസുകളുടെ സഹായം വാങ്ങാൻ കാത്തു നിൽക്കാതെ നാടിനെ കണ്ണീരിലാഴ്ത്തി അമ്പാടി യാത്രയായി. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് പഴയ പുറക്കാട് വീട്ടിൽ ജയദേവൻ, ചന്ദ്രവല്ലി ദമ്പതികളുടെ മകൻ അമ്പാടിയുടെ (35) വേർപാടാണ് നാടിന് നൊമ്പരമായത്.
കഴിഞ്ഞ 14 ന് ചേപ്പാട്ടായിരുന്നു അപകടം. ബൈക്കിൽ വരുമ്പോൾ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്പാടിക്കായി ഇതിനകം 10 ലക്ഷം രൂപയിലധികം ചെലവായി. തലച്ചോറിലുൾപ്പെടെ ഇനിയും ശസ്ത്രക്രിയകൾക്കായി 25 ലക്ഷം രൂപയോളം സമാഹരിക്കണമായിരുന്നു. നിർദ്ധന കുടുംബത്തിന് ഇത്രയും ഭാരിച്ച തുക താങ്ങാനാവാതെ വന്നതോടെയാണ് അമ്പാടിയുടെ പേരിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ചെയർമാനായ ചികിത്സാ ധന സഹായ സമിതി രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തിൽ 6,47,000 രൂപ കണ്ടെത്തി. നാലാം വാർഡിൽ മറ്റൊരു ദിവസം സമാഹരണം തീരുമാനിച്ചിരുന്നു . സമാഹരിച്ച തുക ഞായറാഴ്ച തന്നെ അമ്പാടിയുടെ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ ചികിത്സ പൂർത്തിയാക്കാതെ അമ്പാടി ഓർമ്മയായി.