മാന്നാർ:കുടിവെള്ളത്തിനായി നെട്ടോട്ടമോടി മാന്നാർ-ചെന്നിത്തല നിവാസികൾ. ജലജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷൻ വീടുകളിലെല്ലാം എത്തിയെങ്കിലും മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ശുദ്ധജലത്തിനായി പലപ്പോഴും കാത്തിരിക്കേണ്ട അവസ്ഥയാണ്. പടിഞ്ഞാറൻ മേഖലകളിലെ ജനങ്ങളാണ് ഏറെ വലയുന്നത്. പമ്പാനദിയുടെ തീരത്തോടു ചേർന്ന വീടുകൾ ഉൾപ്പെടെ മാന്നാർ ടൗണിൽ ദിവസങ്ങളോളമാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം മുടങ്ങിയത്. പന്നായിക്കടവ് തറയിൽപള്ളത്ത് ഭാഗങ്ങളിൽ വലിയടാങ്കുകളിൽ നിറച്ച് കൊണ്ടുവരുന്ന വെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ് . ജലവകുപ്പ് അധികൃതരോടു പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനമില്ലെന്നും ഈ ദുരവസ്ഥ തുടർന്നാൽ കാലിക്കുടങ്ങളുമായി സമരത്തിനു തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്നും നാട്ടുകാർ പറയുന്നു. പഴയ ലൈനിലൂടെത്തന്നെ ജലവിതരണം നടത്തുന്നതിനാലാണ് വെള്ളത്തിന്റെ വരവിനു ശക്തികുറയുന്നതും പൈപ്പ് പൊട്ടിയൊലിക്കുന്നതും. ചെന്നിത്തല പടിഞ്ഞാറ് പാടശേഖരങ്ങളോട് ചേർന്ന നാമങ്കേരിയിലും പരിസരപ്രദേശങ്ങളിലും ജലഅതോറിട്ടിയുടെ കണക്ഷനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഇവിടെ വെള്ളം മുടങ്ങുന്നത് സ്ഥിരമാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മോട്ടോർ തകരാറും പൈപ്പ് പൊട്ടലുമൊക്കെയാണ് കാരണങ്ങളായി അധികൃതർ പറഞ്ഞ് തടിയൂരുന്നത്.
........
'' ടൗണിലും പരിസര പ്രദേശങ്ങളിലും പുതിയ മെയിൻ കണക്ഷനിലൂടെ ശുദ്ധജലം ലഭ്യമാക്കുമെന്ന് പറഞ്ഞിട്ട് മാസങ്ങളായി. ഇതേവരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
ടി.കെ ഷാജഹാൻ,കോൺഗ്രസ് നേതാവ്
'' ദിവസങ്ങളോളം വെള്ളം ലഭിക്കാതിരുന്നതിനെത്തുടർന്ന് അച്ചൻകോവിലാറിന്റെ കൈവഴിയായ കുരയ്ക്കലാറിൽ നിന്നുമുള്ള മാലിന്യം നിറഞ്ഞ കലക്കവെള്ളമാണ് വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കേണ്ടത്.
രമണി കൂട്ടുങ്കൽത്തറയിൽ ,നാട്ടുകാരി
'' കഴിഞ്ഞദിവസം പൊതു ടാപ്പുകളിലൂടെയും വീട്ട് കണക്ഷൻ പൈപ്പുകളിലൂടെയും വെള്ളം എത്തിയെങ്കിലും ചെറിയ അളവിലാണ് ലഭ്യമായത്. ഒരുബക്കറ്റ് വെള്ളം നിറയാൻ ഏറെസമയം വേണ്ടി വരും
നാമങ്കേരിൽ തമ്പി ,കർഷകൻ