ആലപ്പുഴ: വയസ് രണ്ട് തികയുന്നതിനുള്ളിൽ ആരംഭിച്ചു കഥകളി പഠനം. ഇതിനകം നിറഞ്ഞാടിയത് നൂറോളം ക്ഷേത്രവേദികളിൽ. കഥകളിയിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പുൾപ്പടെ നേടിയ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവമാനസ ഇനി തുള്ളൽ വേദികളിലുംതിളങ്ങും.
ഇന്നലെ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി. കോഴിക്കോട്ടെ സംസ്ഥാന കലോത്സവ വേദിയിൽ അരങ്ങ് വാഴാനുള്ള തയ്യാറെടുപ്പിലാണ് ദേവമാനസ. മുതുകുളം തെക്ക് കാളിയേഴത്ത് അനിൽകുമാറിന്റെയും പയ്യന്നൂർ കോളേജ് അദ്ധ്യാപിക ഡോ. എ.ആർ.മിനിയുടെയും മകളാണ്. കഥകളിക്കും തുള്ളലിനും പുറമേ ചെണ്ട, കളരി തുടങ്ങി വിവിധയിനങ്ങളിലാണ് മാനസ പരിശീലനം നടത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതൻ, പ്രേമസൂത്രം സിനിമയിൽ നായികയുടെ ബാല്യകാലം, റിലീസാവാനിരിക്കുന്ന മിനുക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. മിനുക്ക് എന്ന ചിത്രത്തിൽ കഥകളിക്ക് പ്രാധാന്യമുള്ള വേഷമാണ് ചെയ്യുന്നത്