മാന്നാർ : കെ.പി.എം.എസ് 2772-ാം നമ്പർ ഇരമത്തൂർ നോർത്ത് ശാഖ പണികഴിപ്പിച്ച മഹാത്മ അയ്യങ്കാളിയുടെ പൂർണകായ പ്രതിമയുടെയും സ്മൃതിമണ്ഡപത്തിന്റെയും സമർപ്പണം 30ന് നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വൈകിട്ട് 5ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പൂർണകായ പ്രതിമയും സ്മൃതി മണ്ഡപവും നാടിനു സമർപ്പിക്കും. ഇതിനു മുന്നോടിയായി വൈകിട്ട് 4ന് വർണ്ണശബളമായ ഘോഷയാത്ര ചെന്നിത്തല മഹാദേവക്ഷേത്രം മൈതാനിയിൽ നിന്നും ആരംഭിക്കും. സ്മൃതിമണ്ഡപ സമർപ്പണ സമ്മേളനത്തിൽ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ മുഖ്യാതിഥിയാവും. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, മലങ്കര കാതോലിക്കാസഭാ സെക്രട്ടറി ബിജു പി.ഉമ്മൻ, ഗ്രാമപഞ്ചായത്തംഗം നിഷാ സോജൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജെ സുജാത, മാവേലിക്കര യൂണിയൻ പ്രസിഡന്റ് ഭാസി ചോവാലിൽ തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം പി.ജെ സുജാത, മാവേലിക്കര യൂണിയൻ പ്രസിഡന്റ് ഭാസി ചൊവാലിൽ, യൂണിയൻ സെക്രട്ടറി പി.ബി വിക്രമൻ, യൂണിയൻ ഖജാൻജി നിഷ വിനോദ് എന്നിവർ പങ്കെടുത്തു.