ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ പൈപ്പ് ലൈൻ പൊട്ടുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഉണ്ടായ തടസങ്ങൾക്ക് പരിഹാരം കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങളും ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തുന്നതിന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 1524 മീറ്റർ പൈപ്പ് ലൈനാണ് മാറ്റി സ്ഥാപിക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ഇതിൽ 1200 മീറ്റർ പൈപ്പ് മാറ്റുന്ന ജോലികൾ നടക്കുകയാണ്. ഇതുവരെ 1052 മീറ്റർ മാറ്റി സ്ഥാപിച്ചത്. ബാക്കിയുള്ള 324 മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനുള്ള തടസങ്ങളാണ് മന്ത്രി ഇടപെട്ട് പരിഹരിച്ചത്.

യോഗത്തിൽ എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, ദലീമ ജോജോ, തോമസ് കെ.തോമസ്, എം.എസ്.അരുൺകുമാർ, മന്ത്രി പി.പ്രസാദിന്റെ പ്രതിനിധി, കളക്ടർ വി.ആർ.കൃഷ്ണ തേജ, ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് തുടങ്ങിയവർ പങ്കെടുത്തു.