
അമ്പലപ്പുഴ: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ കണ്ടെയിനർ ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന എം.സി.എ വിദ്യാർത്ഥി മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചു പോച്ച തെക്കേതിൽ അഷറഫ് - സാജിദ ദമ്പതികളുടെ മകൻ സുൾഫിക്കർ അലി (23) ആണ് മരിച്ചത്. ചേർത്തല കെ.വി.എം കോളേജിലെ എം.സി.എ വിദ്യാർത്ഥിയാണ്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പുന്നപ്ര വടക്കു പഞ്ചായത്ത് കൈതക്കാട് രതീഷിന്റെ മകൻ സൂര്യദേവ് (23) നെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8 ഓടെ അറവുകാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. പുന്നപ്രയിലേക്കു വരുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന കണ്ടെയിനർ ലോറി ഇടിക്കുകയായിരുന്നു. . സുൾഫിക്കർ സംഭവസ്ഥലത്തു മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.സഹോദരി: നജുമി.