ഹരിപ്പാട് : മയക്കുമരുന്ന് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ മല്ലപ്പള്ളി പെരുമ്പട്ടി മാടത്തുങ്കൽ വീട് ജെഫിൻ.ടി.ജോണാണ് (23) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗല്യ റിസോർട്ടിൽ നിന്നും 2021 നവംബർ 8ന് ഏഴ് യുവാക്കളെ 52.4 ഗ്രാം എംഡി എം എയുമായി പിടികൂടിയത്. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളും, ഗൂഗിൾ പെയ്മെന്റും പരിശോധിച്ചതിൽ നിന്നുമാണ് പതിനാലാം പ്രതിയായ ജെഫിനെ തിരുവല്ലയിൽ നിന്നും പിടികൂടിയത്. റിസോർട്ടിൽ നിന്നും എം.ഡി.എം എ വാങ്ങി വില്പനയ്ക്കായി ഇയാൾ തിരുവല്ലയ്ക്ക് കൊണ്ടുപോയി എന്നാണ് ഒന്നാം പ്രതിയുടെ മൊഴി. പൊലീസ് അന്വേഷണത്തിൽ ഇത് ശരിയാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് നടത്തിയത്. കഴിഞ്ഞദിവസം ഈ കേസിന്റെ അന്വേഷണത്തിൽ ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. എസ് .എച്ച് .ഒ ശ്യാംകുമാർ വി.എസ്, സബ്ഇൻസ്പെക്ടർ സൗവ്യ സാചി, സി.പി.ഒമാരായ അജയൻ, നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്