ആലപ്പുഴ: മൈക്കില്ല, വെളിച്ചമില്ല, കുഞ്ഞൻ സ്റ്റേജ്... റവന്യു ജില്ലാ സ്കൾ കലോത്സവത്തിന്റെ രണ്ടാംദിനം നാടകവേദി ഉണർന്നത് ഇല്ലായ്മകളോടെ!
രാവിലെ 9ന് ആരംഭിക്കേണ്ട മത്സരങ്ങൾ 11.30 ഓടെയാണ് തുടങ്ങിയത്. യു.പി വിഭാഗത്തിൽ ആദ്യം മത്സരിച്ചത് പ്രയാർ കെ.എൻ.എം.എം യു.പി സ്കൂളിലെ കുട്ടികളാണ്. വിധികർത്താക്കൾക്ക് പോലും സംഭാഷണം കേൾക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെ രക്ഷാകർത്താക്കളും അദ്ധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. വെളിച്ചക്കുറവും സ്റ്റേജിന്റെ വലിപ്പക്കുറവും പ്രശ്നമായി. ആദ്യ നാടകം കഴിഞ്ഞതോടെ പ്രതിഷേധം കടുത്തു. സംഘാടകരോട് തട്ടിക്കയറുന്ന സ്ഥിതിവരെയായി. പ്രശ്നങ്ങൾ പരിഹരിക്കാതെ സ്റ്റേജിൽ കയറില്ലെന്നു മറ്റു മത്സരാർത്ഥികൾ പറഞ്ഞതോടെ സംഘാടകർ നെട്ടോട്ടമായി. തുടർന്ന് മൂന്ന് മൈക്കു കൂടി സംഘടിപ്പിച്ചു. അര മണിക്കൂറിനു ശേഷം വേദി ഉണർന്നെങ്കിലും ശബ്ദപ്രശ്നം പിന്നെയും തുടർന്നു.
വിശാലമായ വേദി മൂന്നിൽ നടക്കേണ്ട നാടകം ഇടുങ്ങിയ വേദിയായ നാലിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് സംഘടകർക്ക് മറുപടി ഇല്ല. വേദി മൂന്നിൽ ഈ സമയം പദ്യപാരായണമാണ് നടന്നത്. യു.പി വിഭാഗത്തിന്റെ മത്സരങ്ങൾക്ക് ശേഷം ഹൈസ്കൂൾ മത്സരങ്ങൾ വേദി മൂന്നിൽ നടന്നു. നാടകത്തിനായി ഇത്രയും ദയനീയ വേദി ഒരുക്കിയതിലൂടെ നാടകമെന്ന കലയെയും കുട്ടികളെയും അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന് നാടക സംവിധായകൻ മനോജ് അർ. ചന്ദ്രൻ പറഞ്ഞു. ഇങ്ങനെയുള്ള വേദികൾ കുട്ടികളെ കലയുടെ ലോകത്തു നിന്നു പിന്നോട്ട് വലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.